യോഹന്നാൻ 5:1-24

യോഹന്നാൻ 5:1-24 MCV

പിന്നീടൊരിക്കൽ യെഹൂദരുടെ ഒരു പെരുന്നാളിന് യേശു ജെറുശലേമിലേക്കു പോയി. ജെറുശലേമിൽ ആട്ടിൻകവാടത്തിനു സമീപം അരാമ്യഭാഷയിൽ ബേഥെസ്ദാ എന്ന് പേരുള്ള ഒരു കുളം ഉണ്ട്. അതിന് അഞ്ചു മണ്ഡപമുണ്ട്. അവയിൽ അന്ധർ, മുടന്തർ, തളർവാതം പിടിപെട്ടവർ എന്നിങ്ങനെ അവശരായ പലരും വെള്ളം ഇളകുന്നതു കാത്തു കിടന്നിരുന്നു. ഇടയ്ക്കിടയ്ക്ക് ഒരു ദൂതൻ ഇറങ്ങിവന്നു വെള്ളം കലക്കും. വെള്ളം കലങ്ങിയശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആൾ ഏതു രോഗംബാധിച്ച ആളായാലും സൗഖ്യംപ്രാപിക്കും. മുപ്പത്തിയെട്ടു വർഷമായി രോഗിയായിരുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു. യേശു അയാളെ കണ്ട്, അയാൾ ഈ അവസ്ഥയിൽ ആയിട്ടു വളരെക്കാലമായെന്നു മനസ്സിലാക്കി, അയാളോട്, “സൗഖ്യമാകാൻ നിനക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. “യജമാനനേ, വെള്ളം ഇളകുന്ന സമയത്ത് എന്നെ കുളത്തിൽ ഇറക്കാൻ എനിക്ക് ആരുമില്ല. ഞാൻ ഇറങ്ങാൻ ചെല്ലുമ്പോഴേക്ക് എനിക്കുമുമ്പേ മറ്റാരെങ്കിലും ഇറങ്ങുന്നു,” രോഗിയായ ആൾ മറുപടി പറഞ്ഞു. അപ്പോൾ യേശു അയാളോടു പറഞ്ഞു, “എഴുന്നേൽക്കുക! കിടക്കയെടുത്തു നടക്കുക!” എന്നു പറഞ്ഞു. ഉടൻതന്നെ ആ മനുഷ്യൻ സൗഖ്യംപ്രാപിച്ചു; കിടക്കയെടുത്തു നടന്നു. ഇതു സംഭവിച്ചത് ഒരു ശബ്ബത്തുദിവസമായിരുന്നു. അതുകൊണ്ട് സൗഖ്യമായ മനുഷ്യനോടു യെഹൂദനേതാക്കന്മാർ പറഞ്ഞു, “ഇന്നു ശബ്ബത്തുദിനമാണ്; ഇന്നു കിടക്ക ചുമക്കുന്നതു നിയമവിരുദ്ധമാണ്.” എന്നാൽ അയാൾ, “എന്നെ സൗഖ്യമാക്കിയ അദ്ദേഹം എന്നോടു ‘കിടക്കയെടുത്തു നടക്കുക എന്നു പറഞ്ഞു’ ” എന്നു മറുപടി നൽകി. അപ്പോൾ അവർ അയാളോട് ചോദിച്ചു, “കിടക്കയെടുത്തു നടക്കാൻ നിന്നോടു പറഞ്ഞ ആ മനുഷ്യൻ ആര്?” യേശു അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിലേക്കു മാറിപ്പോയിരുന്നതുകൊണ്ട് അത് ആരായിരുന്നെന്ന് സൗഖ്യമായ മനുഷ്യൻ അറിഞ്ഞിരുന്നില്ല. പിന്നീട് അയാളെ യേശു ദൈവാലയത്തിൽ കണ്ടപ്പോൾ പറഞ്ഞു, “നോക്കൂ, നിനക്കു സൗഖ്യം ലഭിച്ചല്ലോ. ഇതിലും വഷളായത് വരാതിരിക്കാൻ ഇനി പാപംചെയ്യരുത്.” തന്നെ സൗഖ്യമാക്കിയത് യേശുവാണെന്ന് ആ മനുഷ്യൻ ചെന്ന് യെഹൂദനേതാക്കന്മാരോട് പറഞ്ഞു. യേശു ശബ്ബത്തുനാളിൽ ഈ പ്രവൃത്തി ചെയ്തതുകൊണ്ടു യെഹൂദനേതാക്കന്മാർ അദ്ദേഹത്തെ പീഡിപ്പിക്കാൻ തുടങ്ങി. യേശു അവരോട്: “എന്റെ പിതാവ് ഇന്നുവരെയും സദാ പ്രവർത്തനനിരതനായിരിക്കുന്നു, അതിനാൽ ഞാനും പ്രവർത്തിക്കുന്നു,” എന്നു പറഞ്ഞു. അങ്ങനെ, ശബ്ബത്തു ലംഘിച്ചതുകൊണ്ടുമാത്രമല്ല, ദൈവത്തെ സ്വപിതാവ് എന്നു പറഞ്ഞു സ്വയം ദൈവത്തോടു സമനാക്കുകയും ചെയ്തതിനാൽ യെഹൂദനേതാക്കന്മാർ യേശുവിനെ വധിക്കാൻ അധികം യത്നിച്ചു. യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, പുത്രനു തന്റെ പിതാവ് ചെയ്തുകാണുന്നതല്ലാതെ സ്വയം ഒന്നും ചെയ്യാൻ കഴിവില്ല; കാരണം പിതാവു ചെയ്യുന്നതെല്ലാം പുത്രനും ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കുന്നു; തന്റെ സകലപ്രവൃത്തികളും അവനു കാണിച്ചുകൊടുക്കുകയുംചെയ്യുന്നു. നിങ്ങൾ അത്ഭുതപരതന്ത്രരാകുംവിധം ഇതിലും വലിയ പ്രവൃത്തികളും അവിടന്ന് കാണിച്ചുകൊടുക്കും. മരിച്ചവരെ പിതാവ് ഉയിർത്തെഴുന്നേൽപ്പിച്ച് അവർക്കു ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും തനിക്കു പ്രസാദമുള്ളവർക്കു ജീവൻ നൽകുന്നു. അത്രയുമല്ല, എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതുണ്ട്. അതിനുവേണ്ടി പിതാവ് ആരെയും ന്യായംവിധിക്കാതെ ന്യായവിധിയെല്ലാം പുത്രനെ ഏൽപ്പിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ, അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; അവർക്ക് ശിക്ഷാവിധി ഉണ്ടാകുകയില്ല; അവർ മരണത്തിൽനിന്ന് ജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു.