“ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും; എന്നാൽ, ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്കു പിന്നീടൊരിക്കലും ദാഹിക്കുകയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവരിൽ നിത്യജീവനിലേക്കു നിറഞ്ഞുവരുന്ന നീരുറവയായിത്തീരും” എന്ന് യേശു മറുപടി പറഞ്ഞു. അപ്പോൾ സ്ത്രീ, “പ്രഭോ, എങ്കിൽ എനിക്കിനി ദാഹിക്കാതിരിക്കേണ്ടതിന്ന് ആ വെള്ളം തന്നാലും; വെള്ളം കോരാൻ ഞാൻ ഇവിടെ വരേണ്ട ആവശ്യവും ഇല്ലാതാകും” എന്നു പറഞ്ഞു. യേശു അവളോട്: “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക.” “എനിക്കു ഭർത്താവില്ല,” അവൾ മറുപടി പറഞ്ഞു. “നിനക്കു ഭർത്താവില്ല എന്നു നീ പറയുന്നതു ശരി. വാസ്തവത്തിൽ, നിനക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള പുരുഷൻ നിന്റെ ഭർത്താവല്ല; അതിനാൽ നീ പറഞ്ഞതു ശരിതന്നെ.” എന്ന് യേശു അവളോടു പറഞ്ഞു. “പ്രഭോ, അങ്ങ് ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു,” സ്ത്രീ പറഞ്ഞു. “ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിലാണ് ആരാധിച്ചുവന്നത്. എന്നാൽ, ആരാധനയ്ക്കുള്ള സ്ഥലം ജെറുശലേം ആണെന്ന് നിങ്ങൾ യെഹൂദർ അവകാശപ്പെടുന്നല്ലോ?” അതിനു മറുപടിയായി യേശു ആ സ്ത്രീയോടു പറഞ്ഞത്, “സ്ത്രീയേ, എന്നെ വിശ്വസിക്കുക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ല എന്നുള്ള സമയം വരുന്നു. ശമര്യരായ നിങ്ങൾ നിങ്ങൾക്ക് അജ്ഞാതമായതിനെ ആരാധിക്കുന്നു. ഞങ്ങളോ, അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യെഹൂദരിൽനിന്നല്ലോ വരുന്നത്. എന്നാൽ, സത്യാരാധകർ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സമയം വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്. ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്നായിരുന്നു. അപ്പോൾ ആ സ്ത്രീ, “മശിഹാ അഥവാ, ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു. അവിടന്നു വരുമ്പോൾ ഞങ്ങൾക്കു സകലതും വിശദീകരിച്ചുതരും” എന്നു പറഞ്ഞു. ഇതേത്തുടർന്ന് യേശു, “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശിഹാ” എന്നു പറഞ്ഞു.
യോഹന്നാൻ 4 വായിക്കുക
കേൾക്കുക യോഹന്നാൻ 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 4:13-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ