യോഹന്നാൻ 4:1-30

യോഹന്നാൻ 4:1-30 MCV

യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്ന് പരീശന്മാർ കേട്ടു— വാസ്തവത്തിൽ യേശു അല്ല, അവിടത്തെ ശിഷ്യന്മാരാണു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്— ഇതറിഞ്ഞപ്പോൾ അദ്ദേഹം യെഹൂദ്യ വിട്ടു വീണ്ടും ഗലീലയിലേക്കു യാത്രയായി. ഇപ്രാവശ്യം അദ്ദേഹത്തിനു ശമര്യയിലൂടെ കടന്നുപോകേണ്ടിവന്നു. അങ്ങനെ അവിടന്നു ശമര്യയിൽ, യാക്കോബ് തന്റെ പുത്രനായ യോസേഫിനു നൽകിയ സ്ഥലത്തിനു സമീപമുള്ള സുഖാർ പട്ടണത്തിൽ എത്തി. അവിടെ യാക്കോബിന്റെ കിണർ ഉണ്ടായിരുന്നു. യാത്രാക്ഷീണത്താൽ യേശു കിണറ്റിനരികെ ഇരുന്നു. അപ്പോൾ ഏകദേശം മധ്യാഹ്നമായിരുന്നു. ഒരു ശമര്യസ്ത്രീ വെള്ളം കോരാൻ അവിടെ എത്തി; യേശു അവളോട്, “എനിക്കു കുടിക്കാൻ തരുമോ?” എന്നു ചോദിച്ചു. (ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിൽ പോയിരുന്നു.) ശമര്യസ്ത്രീ ചോദിച്ചു, “അങ്ങ് ഒരു യെഹൂദനും ഞാൻ ഒരു ശമര്യസ്ത്രീയുമായിരിക്കെ, അങ്ങ് എന്നോടു കുടിക്കാൻ ചോദിക്കുന്നത് എങ്ങനെ?” (കാരണം, യെഹൂദർക്കു ശമര്യരുമായി സമ്പർക്കമില്ല.) “ദൈവത്തിന്റെ ദാനം എന്തെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്ന് യേശു മറുപടി പറഞ്ഞു. ആ സ്ത്രീ പറഞ്ഞു, “യജമാനനേ, കോരിയെടുക്കാൻ അങ്ങയുടെ കൈവശം പാത്രം ഇല്ലല്ലോ, കിണറ് ആഴമുള്ളതുമാണ്. പിന്നെ ജീവനുള്ള വെള്ളം അങ്ങേക്ക് എവിടെനിന്നു ലഭിക്കും? അങ്ങ് ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനാണോ? അദ്ദേഹമാണ് ഈ കിണറു ഞങ്ങൾക്കു തന്നത്. അദ്ദേഹവും പുത്രന്മാരും ആടുമാടുകളും എല്ലാം ഇതിൽനിന്നാണ് വെള്ളം കുടിച്ചിരുന്നത്.” “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും; എന്നാൽ, ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്കു പിന്നീടൊരിക്കലും ദാഹിക്കുകയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവരിൽ നിത്യജീവനിലേക്കു നിറഞ്ഞുവരുന്ന നീരുറവയായിത്തീരും” എന്ന് യേശു മറുപടി പറഞ്ഞു. അപ്പോൾ സ്ത്രീ, “പ്രഭോ, എങ്കിൽ എനിക്കിനി ദാഹിക്കാതിരിക്കേണ്ടതിന്ന് ആ വെള്ളം തന്നാലും; വെള്ളം കോരാൻ ഞാൻ ഇവിടെ വരേണ്ട ആവശ്യവും ഇല്ലാതാകും” എന്നു പറഞ്ഞു. യേശു അവളോട്: “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക.” “എനിക്കു ഭർത്താവില്ല,” അവൾ മറുപടി പറഞ്ഞു. “നിനക്കു ഭർത്താവില്ല എന്നു നീ പറയുന്നതു ശരി. വാസ്തവത്തിൽ, നിനക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള പുരുഷൻ നിന്റെ ഭർത്താവല്ല; അതിനാൽ നീ പറഞ്ഞതു ശരിതന്നെ.” എന്ന് യേശു അവളോടു പറഞ്ഞു. “പ്രഭോ, അങ്ങ് ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു,” സ്ത്രീ പറഞ്ഞു. “ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിലാണ് ആരാധിച്ചുവന്നത്. എന്നാൽ, ആരാധനയ്ക്കുള്ള സ്ഥലം ജെറുശലേം ആണെന്ന് നിങ്ങൾ യെഹൂദർ അവകാശപ്പെടുന്നല്ലോ?” അതിനു മറുപടിയായി യേശു ആ സ്ത്രീയോടു പറഞ്ഞത്, “സ്ത്രീയേ, എന്നെ വിശ്വസിക്കുക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ല എന്നുള്ള സമയം വരുന്നു. ശമര്യരായ നിങ്ങൾ നിങ്ങൾക്ക് അജ്ഞാതമായതിനെ ആരാധിക്കുന്നു. ഞങ്ങളോ, അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യെഹൂദരിൽനിന്നല്ലോ വരുന്നത്. എന്നാൽ, സത്യാരാധകർ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സമയം വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്. ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്നായിരുന്നു. അപ്പോൾ ആ സ്ത്രീ, “മശിഹാ അഥവാ, ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു. അവിടന്നു വരുമ്പോൾ ഞങ്ങൾക്കു സകലതും വിശദീകരിച്ചുതരും” എന്നു പറഞ്ഞു. ഇതേത്തുടർന്ന് യേശു, “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശിഹാ” എന്നു പറഞ്ഞു. ഈ സമയത്ത് ശിഷ്യന്മാർ മടങ്ങിയെത്തി. അദ്ദേഹം ഒരു സ്ത്രീയോടു സംസാരിച്ചു കൊണ്ടിരിക്കുന്നതുകണ്ട് അവർ ആശ്ചര്യപ്പെട്ടു. എങ്കിലും “അങ്ങ് എന്തു ചോദിക്കുന്നുവെന്നോ, അവളോട് എന്തിനു സംസാരിക്കുന്നുവെന്നോ?” ആരും ചോദിച്ചില്ല. ആ സ്ത്രീ വെള്ളപ്പാത്രം അവിടെ വെച്ചിട്ടു പട്ടണത്തിൽ മടങ്ങിച്ചെന്ന് അവിടെയുള്ള ജനങ്ങളോട്, “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുക. ഒരുപക്ഷേ അദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു പറഞ്ഞു. അവർ പട്ടണത്തിൽനിന്ന് യേശുവിന്റെ അടുക്കൽവന്നു.