യോഹന്നാൻ 3:22-35

യോഹന്നാൻ 3:22-35 MCV

പിന്നീട് യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തെത്തി, അവരോടുകൂടെ അവിടെ താമസിച്ചു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. യോഹന്നാൻ ശലേമിനടുത്തുള്ള ഐനോനിലും സ്നാനം കഴിപ്പിച്ചുപോന്നു; കാരണം അവിടെ വെള്ളം ധാരാളമുണ്ടായിരുന്നു. ജനങ്ങൾ സ്നാനം സ്വീകരിക്കാൻ വന്നുകൊണ്ടിരുന്നു. യോഹന്നാൻ തടവിലാകുന്നതിനുമുമ്പാണ് ഇതു നടന്നത്. ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റി യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്ക് ഒരു യെഹൂദനുമായി തർക്കം ഉണ്ടായി. അവർ യോഹന്നാന്റെ അരികിൽ വന്ന് അദ്ദേഹത്തോട് “റബ്ബീ, യോർദാന്റെ അക്കരെ അങ്ങയോടുകൂടെ ഉണ്ടായിരുന്ന ആ മനുഷ്യൻ—അങ്ങു സാക്ഷ്യപ്പെടുത്തിയ ആൾ—സ്നാനം കഴിപ്പിച്ചുകൊണ്ടിരിക്കുന്നു: എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.” എന്നു പറഞ്ഞു. അതിനു മറുപടിയായി യോഹന്നാൻ: “സ്വർഗത്തിൽനിന്ന് നൽകാതെ യാതൊന്നും മനുഷ്യനു സ്വീകരിക്കാൻ കഴിയുകയില്ല. ‘ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനു മുൻഗാമിയായി അയയ്ക്കപ്പെട്ടവൻമാത്രമാണെന്നും,’ ഞാൻ പറഞ്ഞിട്ടുള്ളതിനു നിങ്ങൾ സാക്ഷികളാണല്ലോ. മണവാട്ടിയുള്ളവനാണ് മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ കൂടെ നിന്ന്, അവന്റെ സ്വരം കേട്ട് അത്യധികം ആഹ്ലാദിക്കുന്നു. ആ ആനന്ദമാണ് എനിക്കുള്ളത്; ഇപ്പോൾ അതു പൂർണമായിരിക്കുന്നു. അവിടത്തെ പ്രാമുഖ്യം വർധിച്ചുകൊണ്ടേയിരിക്കണം; എന്റെ പ്രാമുഖ്യമോ കുറഞ്ഞുകൊണ്ടിരിക്കണം. “ഉന്നതത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു; ഭൂമിയിൽനിന്നുള്ളവനോ ഭൗമികനാകുന്നു; അയാൾ ഭൗമികമായതു സംസാരിക്കുന്നു. സ്വർഗത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു. താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്ക് അയാൾ സാക്ഷ്യംവഹിക്കുന്നു. എന്നാൽ അയാളുടെ സാക്ഷ്യം ആരും സ്വീകരിക്കുന്നതുമില്ല. ആ സാക്ഷ്യം സ്വീകരിക്കുന്നവനോ ദൈവം സത്യവാൻ എന്നതു സ്ഥിരീകരിക്കുന്നു. കാരണം, ദൈവം അയച്ചിരിക്കുന്നവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവിടന്ന് ആത്മാവിനെ അളവില്ലാതെ നൽകുന്നല്ലോ. പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലതും അവന്റെ കൈയിൽ ഏൽപ്പിച്ചുമിരിക്കുന്നു.