യോഹന്നാൻ 17:3-12

യോഹന്നാൻ 17:3-12 MCV

ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ. അവിടന്ന് എനിക്കു ചെയ്യാൻ തന്ന പ്രവൃത്തി പൂർത്തീകരിച്ചുകൊണ്ട് ഞാൻ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ, പിതാവേ, ലോകാരംഭത്തിനുമുമ്പേ അങ്ങയോടൊപ്പം എനിക്കുണ്ടായിരുന്ന മഹത്ത്വത്താൽ അവിടത്തെ സന്നിധിയിൽ എന്നെ മഹത്ത്വപ്പെടുത്തണമേ. “ലോകത്തിൽനിന്ന് അവിടന്ന് എനിക്കു നൽകിയിട്ടുള്ളവർക്കു ഞാൻ അവിടത്തെ നാമം വെളിപ്പെടുത്തി. അവർ അങ്ങയുടെ സ്വന്തമായിരുന്നു. അവരെ അങ്ങ് എനിക്കു തന്നു; അവർ അങ്ങയുടെ വചനം അനുസരിച്ചുമിരിക്കുന്നു. അങ്ങ് എനിക്കു നൽകിയിട്ടുള്ളതെല്ലാം അങ്ങയുടെ അടുക്കൽനിന്ന് വന്നിട്ടുള്ളതാണെന്ന് അവർക്കിപ്പോൾ അറിയാം. അവിടന്ന് എന്നെ ഏൽപ്പിച്ച വചനം ഞാൻ അവർക്കു കൊടുത്തു. അവർ അതു സ്വീകരിക്കുകയും ഞാൻ അങ്ങയുടെ പക്കൽനിന്നു വന്നു എന്നു സത്യമായും ഗ്രഹിക്കുകയും അവിടന്ന് എന്നെ അയച്ചെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എന്നെ ഏൽപ്പിച്ചിട്ടുള്ളവർ അങ്ങേക്കുള്ളവരാകുകയാൽ അവർക്കുവേണ്ടിയാണ് ഞാൻ ഇപ്പോൾ പ്രാർഥിക്കുന്നത്. എനിക്കുള്ളതെല്ലാം അങ്ങയുടേതും അങ്ങേക്കുള്ളതെല്ലാം എന്റേതുമാകുന്നു; അവരിലൂടെ എനിക്കു മഹത്ത്വം കൈവന്നിരിക്കുന്നു. ഇനി ഞാൻ ലോകത്തിൽ ഉണ്ടായിരിക്കുകയില്ല; അവരോ ലോകത്തിൽ ഉണ്ടായിരിക്കും. ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. അതിനാൽ പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്, തിരുനാമശക്തിയാൽ—അവിടന്ന് എനിക്കു തന്നിരിക്കുന്ന അതേ നാമത്തിന്റെ ശക്തിയാൽത്തന്നെ—അവരെ കാത്തുരക്ഷിക്കണമേ. അവരോടുകൂടെ ആയിരുന്നപ്പോൾ അവിടന്ന് എനിക്കു നൽകിയ നാമത്താൽ ഞാൻ അവരെ സംരക്ഷിക്കുകയും ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. തിരുവെഴുത്തു നിറവേറേണ്ടതിന്, ആ വിനാശപുത്രനല്ലാതെ ആരും നഷ്ടപ്പെട്ടുപോയിട്ടില്ല.