യോഹന്നാൻ 13:6-16

യോഹന്നാൻ 13:6-16 MCV

ശിമോൻ പത്രോസിന്റെ അടുത്തെത്തിയപ്പോൾ അയാൾ, “കർത്താവേ, എന്റെ പാദങ്ങൾ അങ്ങ് കഴുകുന്നോ?” എന്നു ചോദിച്ചു. യേശു ഉത്തരം പറഞ്ഞു: “ഞാൻ ചെയ്യുന്നതിന്റെ സാരം ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ, പിന്നീടു ഗ്രഹിക്കും.” “അരുത് കർത്താവേ, അങ്ങ് ഒരിക്കലും എന്റെ പാദങ്ങൾ കഴുകാൻ പാടില്ല,” പത്രോസ് പറഞ്ഞു. “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല,” യേശു പറഞ്ഞു. അപ്പോൾ ശിമോൻ പത്രോസ്, “അങ്ങനെയെങ്കിൽ കർത്താവേ, എന്റെ പാദങ്ങൾമാത്രമല്ല, കൈകളും തലയുംകൂടെ കഴുകിയാലും” എന്നു പറഞ്ഞു. അതിന് യേശു, “കുളിച്ചിരിക്കുന്നവന് പാദങ്ങൾമാത്രം കഴുകിയാൽമതി; അവന്റെ ശേഷം ശരീരം ശുദ്ധമാണ്. നിങ്ങൾ ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരും അല്ലതാനും” എന്നു മറുപടി പറഞ്ഞു. തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നത് ആരെന്ന് അറിഞ്ഞിരുന്നതുകൊണ്ടാണ് എല്ലാവരും ശുദ്ധരല്ല എന്ന് യേശു പറഞ്ഞത്. അവരുടെ പാദങ്ങൾ കഴുകിത്തീർന്നശേഷം പുറങ്കുപ്പായം ധരിച്ചു വീണ്ടും അദ്ദേഹം സ്വസ്ഥാനത്ത് ഉപവിഷ്ടനായി. “ഞാൻ നിങ്ങൾക്കു ചെയ്തതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ?” യേശു ചോദിച്ചു. “നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നു. അത് ശരിതന്നെ, കാരണം ഞാൻ ഗുരുവും കർത്താവുംതന്നെ. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടതാണ്. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക കാണിച്ചുതന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ദാസൻ യജമാനനെക്കാൾ വലിയവനല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.