ജെറുശലേമിൽനിന്ന് ബെഥാന്യയിലേക്കു മൂന്ന് കിലോമീറ്ററിൽ താഴെമാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ. സഹോദരന്റെ വേർപാടിൽ മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ അനേകം യെഹൂദർ എത്തിയിരുന്നു. യേശു വരുന്നു എന്നു കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ മാർത്ത ഇറങ്ങിച്ചെന്നു; എന്നാൽ, മറിയ വീട്ടിൽത്തന്നെ ഇരുന്നു.
മാർത്ത യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എങ്കിലും അങ്ങ് ചോദിക്കുന്നതെന്തും ഇപ്പോഴും ദൈവം അങ്ങേക്കു തരുമെന്ന് എനിക്കറിയാം.”
“നിന്റെ സഹോദരൻ ഇനിയും ജീവിക്കും,” യേശു അവളോടു പറഞ്ഞു.
“അവസാനനാളിലെ പുനരുത്ഥാനത്തിൽ അയാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം,” മാർത്ത പറഞ്ഞു.
യേശു അവളോടു ചോദിച്ചു, “ഞാൻ ആകുന്നു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നയാൾ മരിച്ചാലും ജീവിക്കും; എന്നിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചിരുന്ന ആരും ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നോ?”
അവൾ പറഞ്ഞു: “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരാനുള്ള ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു.”
ഇതു പറഞ്ഞശേഷം അവൾ തിരികെപ്പോയി സഹോദരിയായ മറിയയെ അടുക്കൽ വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ അന്വേഷിക്കുന്നു” എന്നു രഹസ്യമായി പറഞ്ഞു. ഇതു കേട്ടു മറിയ വേഗം എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്കുപോയി. യേശു ആ സമയംവരെ ഗ്രാമത്തിൽ കടക്കാതെ, മാർത്ത തന്നെ എതിരേറ്റ ആ സ്ഥലത്തുതന്നെ ആയിരുന്നു. മറിയയ്ക്ക് ആശ്വാസം പകർന്നുകൊണ്ട് അവളോടൊപ്പം ഭവനത്തിൽ ഉണ്ടായിരുന്ന യെഹൂദർ, അവൾ വേഗത്തിൽ എഴുന്നേറ്റു പുറത്തേക്കു പോകുന്നതുകണ്ട്, കല്ലറയ്ക്കൽ ചെന്നു കരയാൻ പോകുന്നു എന്നുകരുതി അവളുടെ പിന്നാലെ ചെന്നു.
യേശു ഉണ്ടായിരുന്ന സ്ഥലത്തു മറിയ എത്തി അദ്ദേഹത്തെ കണ്ടു കാൽക്കൽവീണു, “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു.
അവളും അവളോടൊപ്പം വന്ന മറ്റ് യെഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ അതിദുഃഖിതനായി അസ്വസ്ഥനായിത്തീർന്നു. “നിങ്ങൾ അവനെ എവിടെയാണു സംസ്കരിച്ചത്?” എന്ന് യേശു ചോദിച്ചു.
“കർത്താവേ, വന്നു കണ്ടാലും,” അവർ പറഞ്ഞു.
യേശു കരഞ്ഞു.
അപ്പോൾ യെഹൂദർ പറഞ്ഞു, “നോക്കൂ, യേശു അവനെ എത്രമാത്രം സ്നേഹിച്ചിരുന്നു!”
എന്നാൽ അവരിൽ ചിലർ ചോദിച്ചു, “അന്ധന്റെ കണ്ണു തുറന്ന ഇദ്ദേഹത്തിന് ഇവനെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?”
യേശു വീണ്ടും ദുഃഖാർത്തനായി കല്ലറയുടെ അടുത്തെത്തി. അത് ഒരു ഗുഹയായിരുന്നു. ഗുഹാമുഖം ഒരു കല്ലുവെച്ച് അടച്ചിരുന്നു. “കല്ല് ഉരുട്ടിമാറ്റുക,” യേശു പറഞ്ഞു.
മരിച്ചയാളുടെ സഹോദരിയായ മാർത്ത അപ്പോൾ, “കർത്താവേ, നാറ്റംവെച്ചുതുടങ്ങി; ഇപ്പോൾ നാലു ദിവസമായല്ലോ” എന്നു പറഞ്ഞു.
“നീ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്ത്വം കാണുമെന്ന് ഞാൻ നിന്നോടു പറഞ്ഞില്ലയോ,” എന്ന് യേശു ചോദിച്ചു.
അവർ കല്ലു നീക്കി. അപ്പോൾ യേശു സ്വർഗത്തിലേക്കു കണ്ണുകളുയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, അവിടന്ന് എന്റെ അപേക്ഷ കേട്ടതുകൊണ്ടു ഞാൻ അങ്ങയെ വാഴ്ത്തുന്നു. അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നെന്ന് എനിക്കറിയാം. എങ്കിലും അവിടന്നാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ഈ നിൽക്കുന്ന ജനം വിശ്വസിക്കേണ്ടതിന് ഇവർ നിമിത്തം എല്ലാവരും കേൾക്കെ ഞാനിതു പറയുന്നു.”
തുടർന്ന് യേശു ഉച്ചസ്വരത്തിൽ, “ലാസറേ, പുറത്തുവരിക” എന്നു വിളിച്ചുപറഞ്ഞു. മരിച്ചുപോയിരുന്നയാൾ ജീവനുള്ളയാളായി പുറത്തുവന്നു; അവന്റെ കൈകാലുകൾ ശവക്കച്ചകൊണ്ടു ചുറ്റിയും മുഖം തൂവാലകൊണ്ടു മൂടിയുമിരുന്നു.
“അവന്റെ കെട്ടുകൾ അഴിക്കുക, അവൻ പോകട്ടെ,” എന്ന് യേശു പറഞ്ഞു.
മറിയയെ സന്ദർശിക്കാൻ വന്ന യെഹൂദരിൽ പലരും യേശു ചെയ്ത ഈ അത്ഭുതപ്രവൃത്തി കണ്ട് അദ്ദേഹത്തിൽ വിശ്വസിച്ചു. അവരിൽ ചിലരോ പരീശന്മാരുടെ അടുത്തുചെന്ന് യേശു ചെയ്തത് അറിയിച്ചു.