യിരെമ്യാപ്രവാചകൻ ജെറുശലേമിൽനിന്ന് പ്രവാസികളിൽ ശേഷിച്ചിട്ടുള്ള ഗോത്രത്തലവന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് പിടിച്ചുകൊണ്ടുപോയ സകലജനങ്ങൾക്കും കൊടുത്തയച്ച കത്തിലെ വാക്കുകൾ ഇപ്രകാരമായിരുന്നു. (യെഹോയാഖീൻരാജാവും രാജമാതാവും രാജാവിന്റെ ആസ്ഥാന ഉദ്യോഗസ്ഥരും യെഹൂദ്യയിലെയും ജെറുശലേമിലെയും നേതാക്കന്മാരും വിദഗ്ദ്ധരായ ശില്പികളും ലോഹപ്പണിക്കാരും ജെറുശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ടശേഷമായിരുന്നു ഇതു സംഭവിച്ചത്.) യെഹൂദാരാജാവായ സിദെക്കീയാവ് ബാബേലിൽ നെബൂഖദ്നേസരിന്റെ അടുക്കലേക്ക് അയച്ച രണ്ടു ദൂതന്മാരായ ശാഫാന്റെ മകനായ എലെയാശയുടെയും ഹിൽക്കിയാവിന്റെ മകൻ ഗെമര്യാവിന്റെയും പക്കലാണ് ഈ കത്തു കൊടുത്തയച്ചത്. അതിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു: ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് അയച്ച എല്ലാ പ്രവാസികളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ വീടുകൾ പണിത് അവയിൽ പാർക്കുക; തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുക. ഭാര്യമാരെ സ്വീകരിച്ച് പുത്രീപുത്രന്മാരെ ജനിപ്പിക്കുക. അവിടെ നിങ്ങൾ കുറഞ്ഞുപോകാതെ പെരുകേണ്ടതിനു നിങ്ങളുടെ പുത്രന്മാർക്കു ഭാര്യമാരെ എടുക്കുക. നിങ്ങളുടെ പുത്രിമാർക്കു ഭർത്താക്കന്മാരെ നൽകുവിൻ. അവരും പുത്രീപുത്രന്മാരെ ജനിപ്പിക്കട്ടെ. ഞാൻ നിങ്ങളെ പ്രവാസികളായി അയച്ച പട്ടണത്തിന്റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക; കാരണം, അതിന്റെ നന്മയിലൂടെ നിങ്ങൾക്കും നന്മയുണ്ടാകും.” ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും ദേവപ്രശ്നംവെക്കുന്നവരും നിങ്ങളെ ചതിക്കാൻ ഇടവരുത്തരുത്. അവർ കാണുന്ന സ്വപ്നങ്ങൾക്കു ചെവികൊടുക്കരുത്. അവർ എന്റെ നാമത്തിൽ നിങ്ങളോടു വ്യാജമായി പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല,” എന്ന് യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിൽ എഴുപതുവർഷം തികഞ്ഞശേഷം ഞാൻ നിങ്ങളെ സന്ദർശിക്കും നിങ്ങളെ ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും എന്നുള്ള എന്റെ വാഗ്ദത്തം നിറവേറ്റും. കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യിരെമ്യാവ് 29 വായിക്കുക
കേൾക്കുക യിരെമ്യാവ് 29
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യിരെമ്യാവ് 29:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ