അതനുസരിച്ച് ഗിദെയോൻ, ശേഷിച്ച ഇസ്രായേല്യരെയൊക്കെയും അവരുടെ കൂടാരങ്ങളിലേക്ക് മടക്കി അയച്ചു; ആ മുന്നൂറുപേരെ അദ്ദേഹം തന്നോടുകൂടെ നിർത്തി. അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി. മിദ്യാന്യരുടെ പാളയം താഴ്വരയിലെ സമതലത്തിൽ ആയിരുന്നു. അന്നുരാത്രി യഹോവ ഗിദെയോനോടു കൽപ്പിച്ചു: “എഴുന്നേറ്റ് പാളയത്തിനുനേരേ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിന്റെ കൈയിൽ ഏൽപ്പിക്കാൻ പോകുന്നു. ആക്രമിക്കാൻ നിനക്കു ഭയമുണ്ടെങ്കിൽ നിന്റെ ഭൃത്യനായ പൂരയെയും കൂടെക്കൂട്ടി പാളയത്തിലേക്കു ചെല്ലുക. അവർ സംസാരിക്കുന്നത് നീ ശ്രദ്ധിക്കുക; അപ്പോൾ പാളയത്തെ ആക്രമിക്കാൻ നിനക്ക് ധൈര്യംവരും.” അങ്ങനെ ഗിദെയോനും ഭൃത്യനായ പൂരയും പാളയത്തിന്റെ കാവൽസ്ഥാനംവരെ ഇറങ്ങിച്ചെന്നു. മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരൊക്കെയും താഴ്വരയിൽ വെട്ടുക്കിളികൾപോലെ കൂട്ടമായി അണിനിരന്നിരുന്നു. അവരുടെ ഒട്ടകങ്ങൾ കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു. ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് തന്റെ സ്വപ്നം വിവരിക്കുകയായിരുന്നു: “ഞാൻ ഒരു സ്വപ്നംകണ്ടു; മിദ്യാന്യപാളയത്തിലേക്കു വട്ടത്തിലുള്ള ഒരു യവയപ്പം ഉരുണ്ടുരുണ്ടുവന്നു. കൂടാരത്തെ അതു ശക്തിയായി തള്ളിമറിച്ചിട്ടു; അങ്ങനെ കൂടാരം വീണു തകർന്നുപോയി എന്നു പറഞ്ഞു.” അതിന് മറ്റേയാൾ പറഞ്ഞു: “ഇത് യോവാശിന്റെ മകനായ ഗിദെയോൻ എന്ന ഇസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാന്യരെയും ഈ പാളയത്തെ ഒക്കെയും അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.” ഗിദെയോൻ സ്വപ്നവും വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു; അദ്ദേഹം ഇസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്ന് അവരോട് ഉറക്കെ വിളിച്ചുപറഞ്ഞു: “എഴുന്നേൽക്കുക! യഹോവ മിദ്യാന്യ പാളയത്തെ നിങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു.”
ന്യായാധിപന്മാർ 7 വായിക്കുക
കേൾക്കുക ന്യായാധിപന്മാർ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ന്യായാധിപന്മാർ 7:8-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ