പ്രഭാതത്തിൽ യെരൂ-ബാൽ എന്ന ഗിദെയോനും കൂടെയുള്ള യോദ്ധാക്കളും എൻ-ഹരോദ് ഉറവിനരികെ പാളയമിറങ്ങി, മിദ്യാന്യരുടെ പാളയം അവർക്കു വടക്കു മോരേക്കുന്നിനു സമീപമുള്ള താഴ്വരയിലായിരുന്നു. യഹോവ ഗിദെയോനോട്, “നിന്നോടുകൂടെയുള്ള ജനം വളരെ അധികമാകുന്നു: ‘സ്വന്തം ശക്തിയാൽ ഞാൻ രക്ഷപ്രാപിച്ചു’ എന്ന് ഇസ്രായേൽ എനിക്കെതിരേ നിഗളിക്കരുത്. അതിനായി ഞാൻ മിദ്യാന്യരെ ഇവരുടെ കൈയിൽ ഏൽപ്പിക്കുകയില്ല. നീ ചെന്ന്, ‘ഭയന്നുവിറയ്ക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഗിലെയാദ് പർവതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ’ എന്ന് ജനത്തോടു പറയുക” എന്നു കൽപ്പിച്ചു. ജനത്തിൽ ഇരുപത്തീരായിരംപേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു. എന്നാൽ, യഹോവ ഗിദെയോനോട്, “ജനം ഇനിയും അധികമാകുന്നു, അവരെ വെള്ളത്തിലേക്കു കൊണ്ടുപോകുക; അവിടെവെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരിശോധിക്കാം: ‘ഇവൻ നിന്നോടുകൂടെ പോരട്ടെ,’ എന്നു ഞാൻ കൽപ്പിക്കുന്നവൻ പോരട്ടെ, ‘ഇവൻ നിന്നോടുകൂടെ പോരേണ്ട,’ എന്നു ഞാൻ കൽപ്പിക്കുന്നവൻ പോരേണ്ടതില്ല.” അങ്ങനെ ഗിദെയോൻ ജനത്തെ വെള്ളത്തിലേക്കു കൊണ്ടുപോയി. യഹോവ ഗിദെയോനോട്, “നായെപ്പോലെ നാവുകൊണ്ട് വെള്ളം നക്കിക്കുടിക്കുന്നവരെ വേറെയും കുടിക്കാൻ മുട്ടുകുത്തി കുനിയുന്നവരെ വേറെയും നിർത്തുക” എന്നു കൽപ്പിച്ചു. മുന്നൂറുപേർ വെള്ളം കൈയിൽക്കോരി നക്കിക്കുടിച്ചു, മറ്റുള്ളവർ എല്ലാവരും വെള്ളം കുടിക്കാൻ മുട്ടുകുത്തി കുനിഞ്ഞു. യഹോവ ഗിദെയോനോട്, “നക്കിക്കുടിച്ച മുന്നൂറുപേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കൈയിൽ ഏൽപ്പിക്കും; മറ്റുള്ളവർ താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ” എന്നു കൽപ്പിച്ചു. അതനുസരിച്ച് ഗിദെയോൻ, ശേഷിച്ച ഇസ്രായേല്യരെയൊക്കെയും അവരുടെ കൂടാരങ്ങളിലേക്ക് മടക്കി അയച്ചു; ആ മുന്നൂറുപേരെ അദ്ദേഹം തന്നോടുകൂടെ നിർത്തി. അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി. മിദ്യാന്യരുടെ പാളയം താഴ്വരയിലെ സമതലത്തിൽ ആയിരുന്നു. അന്നുരാത്രി യഹോവ ഗിദെയോനോടു കൽപ്പിച്ചു: “എഴുന്നേറ്റ് പാളയത്തിനുനേരേ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിന്റെ കൈയിൽ ഏൽപ്പിക്കാൻ പോകുന്നു.
ന്യായാധിപന്മാർ 7 വായിക്കുക
കേൾക്കുക ന്യായാധിപന്മാർ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ന്യായാധിപന്മാർ 7:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ