ന്യായാധിപന്മാർ 6:25-40

ന്യായാധിപന്മാർ 6:25-40 MCV

അന്നുരാത്രി യഹോവ അദ്ദേഹത്തോട് കൽപ്പിച്ചു: “നിന്റെ പിതാവിന്റെ ഏഴുവയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടുവരിക; നിന്റെ പിതാവിന്റെ വകയായ ബാലിന്റെ ബലിപീഠം ഇടിച്ചുനിരത്തി അതിനരികെയുള്ള അശേരാപ്രതിഷ്ഠയെ വെട്ടിക്കളയുക. ഈ മലമുകളിലെ കോട്ടയിൽ നിന്റെ ദൈവമായ യഹോവയ്ക്ക് അനുയോജ്യമായ ഒരു യാഗപീഠം പണിയുക. നീ വെട്ടിക്കളയുന്ന അശേരാപ്രതിഷ്ഠയുടെ വിറകുകൊണ്ട് ആ രണ്ടാമത്തെ കാളയെ ഹോമയാഗം കഴിക്കണം.” ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോടു കൽപ്പിച്ചതുപോലെ ചെയ്തു; എന്നാൽ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും ഭയന്ന് അദ്ദേഹം പകൽസമയത്ത് അതു ചെയ്യാതെ രാത്രിയിൽ ചെയ്തു. പ്രഭാതത്തിൽ പട്ടണക്കാർ ഉണർന്നപ്പോൾ ബാലിന്റെ ബലിപീഠം തകർക്കപ്പെട്ടിരിക്കുന്നതും അതിനരികെയുള്ള അശേരാപ്രതിഷ്ഠ വെട്ടിക്കളഞ്ഞിരിക്കുന്നതും പുതിയ യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു! “ആരാണ് ഇതു ചെയ്തത്?” അവർ പരസ്പരം ചോദിച്ചു. സൂക്ഷ്മമായ അന്വേഷണത്തിൽ, “യോവാശിന്റെ പുത്രനായ ഗിദെയോനാണ് അതു ചെയ്തത്” എന്നറിഞ്ഞു. പട്ടണക്കാർ യോവാശിനോട്, “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക; അവൻ മരിക്കണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ചുനശിപ്പിച്ചു; അതിനടുത്തുണ്ടായിരുന്ന അശേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തി” എന്നു പറഞ്ഞു. യോവാശ് തനിക്കു വിരോധമായി ചുറ്റും നിൽക്കുന്നവരോടു പറഞ്ഞു: “നിങ്ങളോ ബാലിനുവേണ്ടി വ്യവഹരിക്കുന്നത്? നിങ്ങളോ അവനെ രക്ഷിക്കാൻ ശ്രമിക്കുന്നത്? അവനുവേണ്ടി ആർ വ്യവഹരിക്കുന്നോ അയാൾ ഇന്നുരാവിലെതന്നെ മരിക്കണം! ബാൽ യഥാർഥ ദേവനെങ്കിൽ, തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞപ്പോൾ അവൻ അതിനെ സംരക്ഷിക്കുമായിരുന്നു.” ഗിദെയോൻ ബാലിന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതുകൊണ്ട്, “ബാൽ അയാളോടു വ്യവഹരിക്കട്ടെ” എന്നു പറഞ്ഞു. അവർ അന്ന് ഗിദെയോന് യെരൂ-ബാൽ എന്നു പേർ വിളിച്ചു. അതിനുശേഷം മിദ്യാന്യരുടെയും അമാലേക്യരുടെയും കിഴക്കുദേശക്കാരുടെയും സൈന്യം ഒരുമിച്ച് യോർദാൻ കടന്ന് യെസ്രീൽതാഴ്വരയിൽ പാളയമടിച്ചു. അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെമേൽവന്നു, അദ്ദേഹം കാഹളമൂതി അബിയേസെരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി. അദ്ദേഹം മനശ്ശെയിൽ എല്ലായിടത്തും ദൂതന്മാരെ അയച്ചു; യുദ്ധസന്നദ്ധരാകാൻ അവരെ ആഹ്വാനംചെയ്തു. അദ്ദേഹം ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും അദ്ദേഹത്തോടൊപ്പം ചേർന്നു. ഗിദെയോൻ ദൈവത്തോടു പറഞ്ഞു: “അങ്ങ് വാഗ്ദത്തം ചെയ്തതുപോലെ ഇസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെങ്കിൽ— ഇതാ, ഞാൻ രോമമുള്ളൊരു ആട്ടിൻതുകൽ മെതിക്കളത്തിൽ വിരിക്കുന്നു. തുകലിന്മേൽ മഞ്ഞുണ്ടായിരിക്കുകയും നിലമൊക്കെയും ഉണങ്ങിയിരിക്കുകയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ ഇസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും.” അങ്ങനെതന്നെ സംഭവിച്ചു; അദ്ദേഹം പിറ്റേന്ന് അതികാലത്ത് എഴുന്നേറ്റ് തുകൽ പിഴിഞ്ഞു. മഞ്ഞുവെള്ളം ഒരു പാത്രം നിറച്ചെടുത്തു. ഗിദെയോൻ പിന്നെയും ദൈവത്തോട്, “അങ്ങ് എന്നോടു കോപിക്കരുതേ; ഒരു അപേക്ഷകൂടെ ഞാൻ കഴിച്ചുകൊള്ളട്ടെ. തുകൽകൊണ്ട് ഒരു പരീക്ഷകൂടെ കഴിക്കാൻ എന്നെ അനുവദിച്ചാലും: തുകൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ട് നനഞ്ഞുമിരിക്കട്ടെ” എന്നു പറഞ്ഞു. അന്നുരാത്രി ദൈവം അങ്ങനെതന്നെ ചെയ്തു; തുകൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരുന്നു.