ഗിദെയോൻ പറഞ്ഞു: “എന്നോട് ക്ഷമിക്കണമേ യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇതൊക്കെ നമുക്ക് സംഭവിക്കുന്നത്? ‘യഹോവ നമ്മെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നു,’ എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിട്ടുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ എവിടെ? യഹോവ നമ്മെ ഉപേക്ഷിച്ച് ഇപ്പോൾ മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നല്ലോ.” യഹോവ തിരിഞ്ഞ് അവനെ നോക്കി, “നിനക്കുള്ള ബലത്തോടെ പോകുക. ഇസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കുക, ഞാനല്ലയോ, നിന്നെ അയയ്ക്കുന്നത്?” എന്നു പറഞ്ഞു. “അയ്യോ കർത്താവേ, ഞാൻ ഇസ്രായേലിനെ രക്ഷിക്കുന്നത് എങ്ങനെ? എന്റെ കുലം മനശ്ശെയിൽ ഏറ്റവും എളിയതും, ഞാൻ എന്റെ കുടുംബത്തിൽ ഏറ്റവും ചെറിയവനും ആകുന്നു,” എന്ന് ഗിദെയോൻ പറഞ്ഞു. യഹോവ പറഞ്ഞു: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ സകലമിദ്യാന്യരെയും ഒരു ഒറ്റ മനുഷ്യനെ എന്നപോലെ തോൽപ്പിക്കും.” അപ്പോൾ ഗിദെയോൻ, “അങ്ങേക്ക് എന്നോട് കൃപയുണ്ടെങ്കിൽ, എന്നോടു സംസാരിക്കുന്നത് അവിടന്നുതന്നെ എന്നതിന് ഒരു ചിഹ്നം തരണമേ. ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്ന് അങ്ങയുടെമുമ്പാകെ അർപ്പിക്കുന്നതുവരെ ഇവിടെനിന്നു പോകരുതേ” എന്നു പറഞ്ഞു. “നീ മടങ്ങിവരുന്നതുവരെ ഞാൻ കാത്തിരിക്കാം” യഹോവ അരുളിച്ചെയ്തു. ഗിദെയോൻ പോയി ഒരു കോലാട്ടിൻകുട്ടിയെ പാകംചെയ്തു. ഒരു ഏഫാ മാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. മാംസം ഒരു കൊട്ടയിലും ചാറ് ഒരു കലത്തിലും പകർന്നുകൊണ്ടുവന്ന് കരുവേലകത്തിൻകീഴേ അവിടത്തെ മുമ്പിൽ അർപ്പിച്ചു. അപ്പോൾ ദൈവത്തിന്റെ ദൂതൻ അയാളോട്, “മാംസവും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറയിൽ വെക്കുക, ചാറ് അതിന്മേൽ ഒഴിക്കുക” എന്നു കൽപ്പിച്ചു; അയാൾ അങ്ങനെ ചെയ്തു. യഹോവയുടെ ദൂതൻ കൈയിലിരുന്ന വടിയുടെ അഗ്രംകൊണ്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും തൊട്ടു; പാറയിൽനിന്നു തീ ജ്വലിച്ച് മാംസവും പുളിപ്പില്ലാത്ത അപ്പവും ദഹിപ്പിച്ചു; തുടർന്ന് യഹോവയുടെ ദൂതൻ അപ്രത്യക്ഷനായി. അത് യഹോവയുടെ ദൂതൻ ആയിരുന്നു എന്ന് ഗിദെയോൻ ഗ്രഹിച്ചപ്പോൾ; ആശ്ചര്യത്തോടെ, “അയ്യോ, കർത്താവായ യഹോവേ! ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ!” എന്നു പറഞ്ഞു. എന്നാൽ യഹോവ അയാളോട്: “നിനക്കു സമാധാനം; ഭയപ്പെടേണ്ട, നീ മരിക്കുകയില്ല” എന്ന് അരുളിച്ചെയ്തു. ഗിദെയോൻ അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിത് അതിനു യഹോവ-ശാലേം എന്നു പേരിട്ടു; അത് ഇപ്പോഴും അബിയേസ്രിയർക്കുള്ള ഒഫ്രയിൽ ഉണ്ട്.
ന്യായാധിപന്മാർ 6 വായിക്കുക
കേൾക്കുക ന്യായാധിപന്മാർ 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ന്യായാധിപന്മാർ 6:13-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ