യെശയ്യാവ് 65:16-22

യെശയ്യാവ് 65:16-22 MCV

പൂർവകാലത്തെ കഷ്ടത മറക്കപ്പെടുകയും എന്റെ കണ്ണിനു മറഞ്ഞിരിക്കുകയും ചെയ്യുകയാൽ, ദേശത്തുവെച്ച് അനുഗ്രഹം ആശംസിക്കുന്നയാൾ ഏകസത്യദൈവത്തിന്റെ നാമത്തിലായിരിക്കും ആശംസിക്കുന്നത്, ദേശത്തുവെച്ചു ശപഥംചെയ്യുന്നയാൾ ഏകസത്യദൈവത്തിന്റെ നാമത്തിലായിരിക്കും ശപഥംചെയ്യുന്നത്. “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും. പഴയകാര്യങ്ങൾ ഇനി ഓർക്കുകയോ മനസ്സിൽ വരികയോ ചെയ്യുകയില്ല. പ്രത്യുത, ഞാൻ സൃഷ്ടിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരായി എന്നേക്കും ആനന്ദിക്കുക, ഞാൻ ജെറുശലേമിനെ ഒരു ആനന്ദമാകുവാനും അതിലെ ജനത്തെ ഒരു സന്തോഷമാകാനുമായിട്ടാണ് സൃഷ്ടിക്കുന്നത്. ഞാൻ ജെറുശലേമിൽ ആനന്ദിക്കും എന്റെ ജനത്തിൽ ആഹ്ലാദിക്കും; കരച്ചിലിന്റെയോ നിലവിളിയുടെയോ ശബ്ദം ഇനി അവിടെ കേൾക്കുകയില്ല. “ഇനിയൊരിക്കലും അവിടെ അല്പായുസ്സുകളായ ശിശുക്കൾ ഉണ്ടാകുകയില്ല തന്റെ ആയുഷ്കാലം പൂർത്തിയാക്കാത്ത ഒരു വൃദ്ധനും; നൂറാം വയസ്സിൽ മരിക്കുന്നയാൾ ഒരു ശിശുവായി കരുതപ്പെടും; നൂറുവയസ്സുവരെ എത്താത്തയാൾ ശാപഗ്രസ്തരെന്നു പരിഗണിക്കപ്പെടും. അവർ വീടുകൾ നിർമിച്ച് അവയിൽ വസിക്കും; അവർ മുന്തിരിത്തോപ്പുകൾ നട്ട് അവയുടെ ഫലം അനുഭവിക്കും. അവർ ഇനിയൊരിക്കലും മറ്റുള്ളവർക്കു താമസിക്കുന്നതിനായി പണിയുകയോ അവർ നടുകയും മറ്റുള്ളവർ ഭക്ഷിക്കുകയുമോ ചെയ്യുകയില്ല. എന്റെ ജനത്തിന്റെ ആയുസ്സ് വൃക്ഷത്തിന്റെ ആയുസ്സുപോലെയാകും. എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ ദീർഘകാലം തങ്ങളുടെ പ്രയത്നഫലം അനുഭവിക്കും.