യെശയ്യാവ് 53:2-6

യെശയ്യാവ് 53:2-6 MCV

അവൻ ഇളംനാമ്പുപോലെയും ഉണങ്ങിയ നിലത്തുനിന്നു പിഴുതെടുക്കപ്പെട്ട വേരുപോലെയും അവിടത്തെ മുമ്പാകെ വളരും. അവനു രൂപഭംഗിയോ കോമളത്വമോ ആകർഷകമായ സൗന്ദര്യമോ ഇല്ല, കാഴ്ചയിൽ ഹൃദയാവർജകമായി യാതൊന്നുംതന്നെ അവനിൽ ഉണ്ടായിരുന്നില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു; അവൻ കഷ്ടത അനുഭവിക്കുന്നവനായും രോഗം ശീലിച്ചവനായും ഇരുന്നു. അവനെ കാണുന്നവർ അവരുടെ മുഖം തിരിച്ചുകളഞ്ഞു, അവൻ നിന്ദിതനായിരുന്നു, നാം അവനെ നിസ്സാരനായി പരിഗണിച്ചു. നിശ്ചയമായും അവൻ നമ്മുടെ രോഗങ്ങളെ വഹിച്ചു, നമ്മുടെ വേദനകളെ അവൻ ചുമന്നു. ദൈവമാണ് അവനെ ശിക്ഷിച്ചതും അടിച്ചതും പീഡിപ്പിച്ചതും എന്നു നാം കരുതി. എന്നാൽ നമ്മുടെ ലംഘനങ്ങൾക്കുവേണ്ടിയാണ് അവൻ മുറിവേറ്റത്, നമ്മുടെ അകൃത്യങ്ങൾനിമിത്തമാണ് അവൻ തകർക്കപ്പെട്ടത്. നമ്മുടെ സമാധാനത്തിനുവേണ്ടിയുള്ള ശിക്ഷ അവന്റെമേൽ പതിച്ചു, അവൻ സഹിച്ച മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചിരിക്കുന്നു. നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിയലഞ്ഞിരുന്നു, നാമോരോരുത്തനും നമ്മുടെ സ്വന്തം വഴിക്കു തിരിഞ്ഞു; എന്നാൽ യഹോവ നമ്മുടെയെല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.