യെശയ്യാവ് 50:4-9

യെശയ്യാവ് 50:4-9 MCV

തളർന്നിരിക്കുന്നവനോട് സമയോചിതമായ ഒരു വാക്കു സംസാരിക്കാൻ യഹോവയായ കർത്താവ് എനിക്കു പരിശീലനംസിദ്ധിച്ചവരുടെ നാവു തന്നിരിക്കുന്നു. അവിടന്ന് എന്നെ പ്രഭാതംതോറും ഉണർത്തുന്നു, പരിശീലനംനേടുന്നവരെപ്പോലെ കേൾക്കേണ്ടതിന് അവിടന്ന് എന്റെ ചെവി ഉണർത്തുന്നു. യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു; ഞാനോ, എതിർത്തില്ല; ഒഴിഞ്ഞുമാറിയതുമില്ല. എന്നെ അടിച്ചവർക്ക് ഞാൻ എന്റെ മുതുകും രോമം പറിച്ചവർക്ക് ഞാൻ കവിളും കാട്ടിക്കൊടുത്തു. പരിഹാസത്തിൽനിന്നും തുപ്പലിൽനിന്നും ഞാൻ എന്റെ മുഖം മറച്ചുകളഞ്ഞില്ല. യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതിനാൽ ഞാൻ അപമാനിതനാകുകയില്ല. തന്മൂലം ഞാൻ എന്റെ മുഖം തീക്കല്ലുപോലെയാക്കി, ഞാൻ ലജ്ജിച്ചുപോകുകയില്ല എന്ന് എനിക്കറിയാം. എന്നെ കുറ്റവിമുക്തനാക്കുന്നവൻ സമീപത്തുണ്ട്. അപ്പോൾ എനിക്കെതിരേ ആരോപണവുമായി ആർ വരും? നമുക്ക് പരസ്പരം വാദിക്കാം! എന്റെ അന്യായക്കാരൻ ആർ? അയാൾ എന്റെ സമീപത്ത് വരട്ടെ! ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കും. എന്നെ ആർ കുറ്റംവിധിക്കും? അവർ എല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും; പുഴു അവരെ തിന്നൊടുക്കും.

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു