യെശയ്യാവ് 49:1-12

യെശയ്യാവ് 49:1-12 MCV

ദ്വീപുകളേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക; വിദൂരതയിലുള്ള ജനതകളേ, ഇതു കേൾക്കുക: യഹോവ എന്നെ ഗർഭംമുതൽതന്നെ വിളിച്ചിരിക്കുന്നു; അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ അവിടന്ന് എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു. അവിടന്ന് എന്റെ വായ് മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ ഉള്ളങ്കൈയിൽ അവിടന്ന് എന്നെ മറച്ചു; എന്നെ മൂർച്ചയുള്ള ഒരു അസ്ത്രമാക്കി എന്നെ തന്റെ ആവനാഴിയിൽ മറച്ചുവെച്ചിരിക്കുന്നു. “ഇസ്രായേലേ, നീ എന്റെ ദാസൻ; എന്റെ മഹത്ത്വം ഞാൻ നിന്നിൽ വെളിപ്പെടുത്തും,” എന്ന് അവിടന്ന് എന്നോട് അരുളിച്ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു: “ഞാൻ വെറുതേ അധ്വാനിച്ചു; ഞാൻ എന്റെ ശക്തി വ്യർഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അംഗീകാരം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ അടുക്കലും ആണ്.” യാക്കോബിനെ തന്നിലേക്കു തിരികെ കൊണ്ടുവരുന്നതിനും ഇസ്രായേലിനെ തന്റെ അടുക്കൽ ചേർക്കുന്നതിനും, തന്റെ ദാസനാകാൻ എന്നെ ഗർഭപാത്രത്തിൽ ഉരുവാക്കിയ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കാരണം യഹോവയുടെ ദൃഷ്ടിയിൽ ഞാൻ മഹത്ത്വപ്പെടുകയും എന്റെ ദൈവം എനിക്കു ബലമായിരിക്കുകയും ചെയ്യും. അവിടന്ന് അരുളിച്ചെയ്തു: “യാക്കോബിന്റെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കാനും ഇസ്രായേലിലെ സംരക്ഷിതരെ തിരികെ വരുത്തുന്നതിനും നീ എനിക്കൊരു ദാസനായിരിക്കുന്നതു വളരെ ചെറിയ ഒരു കാര്യമാണ്. ഭൂമിയുടെ അറുതികൾവരെയും എന്റെ രക്ഷ എത്തേണ്ടതിന് ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കി വെച്ചിരിക്കുന്നു.” ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനും പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— വെറുക്കപ്പെട്ടവനും ജനതകളാൽ നിന്ദിക്കപ്പെടുന്നവനും ഭരണാധികാരികൾക്കു ദാസനുമായവനോടുതന്നെ: “യഹോവ വിശ്വസ്തൻ ആകുകയാലും നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് ഇസ്രായേലിന്റെ പരിശുദ്ധൻ ആകുകയാലും രാജാക്കന്മാർ നിങ്ങളെക്കണ്ട് എഴുന്നേൽക്കുകയും പ്രഭുക്കന്മാർ നിങ്ങളെക്കണ്ട് നമസ്കരിക്കുകയും ചെയ്യും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളും, രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിക്കും; ദേശം പുനരുദ്ധരിക്കുന്നതിനും ശൂന്യമായിക്കിടക്കുന്ന അവകാശങ്ങൾ വീണ്ടും ഭാഗംവെക്കുന്നതിനും ജനങ്ങൾക്ക് ഒരു ഉടമ്പടിയായി, ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും. തടവറയിലുള്ളവരോട്, ‘പുറത്തുവരിക’ എന്നും അന്ധകാരത്തിലിരിക്കുന്നവരോട്, ‘സ്വതന്ത്രരാകുക’ എന്നും പറയേണ്ടതിനുതന്നെ. “അവർ വഴികളിലെല്ലാം മേയും എല്ലാ മൊട്ടക്കുന്നുകളും അവർക്കു മേച്ചിൽസ്ഥലമാകും. അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല, അത്യുഷ്ണമോ വെയിലോ അവരെ ബാധിക്കുകയില്ല. അവരോടു കരുണയുള്ളവൻ അവരെ നയിക്കും, നീരുറവകൾക്കരികിലേക്ക് അവർ ആനയിക്കപ്പെടും. എന്റെ പർവതങ്ങളെല്ലാം ഞാൻ വഴിയാക്കിമാറ്റും, എന്റെ രാജവീഥികൾ ഉയർത്തപ്പെടും. ഇതാ, അവർ ദൂരസ്ഥലത്തുനിന്നു വരും; വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീം ദേശത്തുനിന്നും അവർ വരും.”