“യാക്കോബേ, എന്റെ വാക്കു കേൾക്കുക, ഞാൻ വിളിച്ചിട്ടുള്ള ഇസ്രായേലേ: അത് ഞാൻ ആകുന്നു; ഞാൻ ആകുന്നു ആദ്യനും ഞാൻ ആകുന്നു അന്ത്യനും. എന്റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു, എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ അവയെ വിളിക്കുമ്പോൾ, അവയെല്ലാം ഒന്നുചേർന്ന് നിവർന്നുനിൽക്കുന്നു. “നിങ്ങളെല്ലാവരും ഒരുമിച്ചുകൂടി കേൾക്കുക: ഏതു വിഗ്രഹമാണ് ഇക്കാര്യങ്ങൾ മുൻകൂട്ടി പ്രസ്താവിച്ചിരുന്നത്? യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട സഖ്യകക്ഷി ബാബേലിനെതിരായി തന്റെ ഹിതം നിറവേറ്റും; അദ്ദേഹത്തിന്റെ ഭുജം ബാബേല്യർക്ക് എതിരായിരിക്കും. ഞാൻ, ഞാൻതന്നെ സംസാരിച്ചിരിക്കുന്നു; അതേ, ഞാൻ അവനെ വിളിച്ചു. ഞാൻ അവനെ കൊണ്ടുവരും, അവൻ തന്റെ വഴിയിൽ മുന്നേറും. “എന്റെ അടുത്തുവന്ന് ഇതു കേൾക്കുക: “ആദ്യത്തെ അറിയിപ്പുമുതൽ ഞാൻ സംസാരിച്ചതൊന്നും രഹസ്യത്തിലല്ല; എന്തും സംഭവിക്കുന്നതിനുമുമ്പേതന്നെ ഞാൻ അവിടെ സന്നിഹിതനാണ്.” ഇപ്പോൾ യഹോവയായ കർത്താവ് എന്നെയും അവിടത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു. നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിനക്കു നന്മയായുള്ളത് നിന്നെ പഠിപ്പിക്കുകയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ആകുന്നു ഞാൻ. അയ്യോ! നീ എന്റെ കൽപ്പനകൾ കേട്ട് അനുസരിച്ചിരുന്നെങ്കിൽ, നിന്റെ സമാധാനം ഒരു നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും ആകുമായിരുന്നു! നിന്റെ പിൻഗാമികൾ മണൽപോലെയും നിന്റെ മക്കൾ എണ്ണമറ്റ ധാന്യമണികൾപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്റെ മുമ്പിൽനിന്ന് ഒരിക്കലും മായിക്കപ്പെടുകയോ നശിച്ചുപോകുകയോ ചെയ്യുമായിരുന്നില്ല.” ബാബേലിനെ ഉപേക്ഷിക്കുക, ബാബേല്യരിൽനിന്ന് ഓടിപ്പോകുക! ഉല്ലാസഘോഷത്തോടെ ഇതു പ്രസ്താവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക. ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുക, “യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുക.
യെശയ്യാവ് 48 വായിക്കുക
കേൾക്കുക യെശയ്യാവ് 48
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശയ്യാവ് 48:12-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ