യെശയ്യാവ് 44:1-8

യെശയ്യാവ് 44:1-8 MCV

“ഇപ്പോൾ എന്റെ ദാസനായ യാക്കോബേ, ഞാൻ തെരഞ്ഞെടുത്ത ഇസ്രായേലേ, കേട്ടുകൊൾക. നിന്നെ നിർമിച്ചവനും ഗർഭത്തിൽ ഉരുവാക്കിയവനും നിന്നെ സഹായിക്കുന്നവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തെരഞ്ഞെടുത്ത യെശൂരൂനേ, ഭയപ്പെടേണ്ട. ദാഹിക്കുന്ന ഭൂമിയിൽ ഞാൻ ജലം പകർന്നുകൊടുക്കും, ഉണങ്ങിവരണ്ട നിലത്ത് ഞാൻ അരുവികൾ ഒഴുക്കും; നിന്റെ സന്തതിയുടെമേൽ ഞാൻ എന്റെ ആത്മാവിനെയും നിന്റെ പിൻഗാമികളുടെമേൽ എന്റെ അനുഗ്രഹത്തെയും വർഷിക്കും. അവർ പുൽമേടുകൾക്കിടയിലെ പുല്ലുപോലെ പൊട്ടിമുളയ്ക്കും, അരുവികൾക്കരികെയുള്ള അലരിവൃക്ഷങ്ങൾപോലെ തഴച്ചുവളരും. ചിലർ, ‘ഞാൻ യഹോവയുടെ സ്വന്തം’ എന്നു പറയും; മറ്റുചിലർ യാക്കോബിന്റെ പേരു സ്വീകരിക്കും; ഇനിയും ചിലർ തങ്ങളുടെ കൈമേൽ, ‘യഹോവയുടേത്’ എന്നെഴുതി ഇസ്രായേൽ എന്ന പേര് സ്വന്തമാക്കും. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— ഇസ്രായേലിന്റെ രാജാവും വീണ്ടെടുപ്പുകാരനുമായ സൈന്യങ്ങളുടെ യഹോവതന്നെ അരുളുന്നു: ഞാൻ ആകുന്നു ആദ്യനും ഞാൻ ആകുന്നു അന്ത്യനും; ഞാനല്ലാതെ ഒരു ദൈവവുമില്ല. എന്നെപ്പോലെ മറ്റൊരാൾ ആരുണ്ട്? അവർ അതു പ്രഘോഷിക്കട്ടെ. ഞാൻ എന്റെ പുരാതന ജനതയെ സ്ഥാപിച്ചതുമുതൽ ഇന്നുവരെ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങൾ എന്റെ മുന്നിൽ അയാൾ വർണിക്കട്ടെ— അതേ, എന്താണ് സംഭവിക്കാനിരിക്കുന്നത്; അവർ പ്രവചിക്കട്ടെ. ഭയപ്പെടേണ്ട, പരിഭ്രമിക്കുകയും വേണ്ടാ. ഞാൻ പണ്ടുമുതലേ അത് അറിയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ലേ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ? ഇല്ല, ഞാനല്ലാതെ മറ്റൊരു പാറയില്ല; അങ്ങനെ ഒരുവനെ ഞാൻ അറിയുന്നില്ല.”