യെശയ്യാവ് 2:1-5

യെശയ്യാവ് 2:1-5 MCV

ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി ദർശിച്ച വചനം ഇതാകുന്നു: അന്തിമനാളുകളിൽ, യഹോവയുടെ ആലയമുള്ള പർവതം, പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും, സകലരാഷ്ട്രങ്ങളും അതിലേക്ക് ഒഴുകിയെത്തും. അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും: “വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ. അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.” സീയോനിൽനിന്ന് ഉപദേശവും ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. അവിടന്നു രാഷ്ട്രങ്ങൾക്കിടയിൽ ന്യായംവിധിക്കും; നിരവധി ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും. അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും. രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല; ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല. യാക്കോബിന്റെ പിൻതലമുറകളേ, വരിക; നമുക്ക് യഹോവയുടെ വെളിച്ചത്തിൽ നടക്കാം.