എബ്രായർ 12:4-11

എബ്രായർ 12:4-11 MCV

പാപത്തോടുള്ള പോരാട്ടത്തിൽ രക്തം ചൊരിയുന്നതുവരെ നിങ്ങൾ ചെറുത്തുനിന്നിട്ടില്ല. “എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്, അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്. കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു, താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു,” എന്നിങ്ങനെ, ഒരു പിതാവ് പുത്രനോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ? ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്? എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്. നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്! അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു. ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.