ഉൽപ്പത്തി 8:1-12

ഉൽപ്പത്തി 8:1-12 MCV

ദൈവം നോഹയെയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്ന സകലവന്യജീവികളെയും കന്നുകാലികളെയും ഓർത്തു; അവിടന്നു ഭൂമിയുടെമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം പിൻവാങ്ങാൻ തുടങ്ങി. ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തിൽനിന്നുള്ള ജലപാതവും നിലച്ചു. വെള്ളം ഭൂമിയിൽനിന്ന് ക്രമേണ ഇറങ്ങിത്തുടങ്ങി. നൂറ്റി അൻപതു ദിവസം കഴിഞ്ഞപ്പോൾ വെള്ളം വലിഞ്ഞ്, ഏഴാംമാസം പതിനേഴാംതീയതി, പെട്ടകം അരാരാത്ത് പർവതത്തിൽ ഉറച്ചു. പത്താംമാസംവരെ വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു; പത്താംമാസം ഒന്നാംതീയതി പർവതശിഖരങ്ങൾ ദൃശ്യമായി. നാൽപ്പതുദിവസംകൂടി കഴിഞ്ഞപ്പോൾ, നോഹ, പെട്ടകത്തിൽ താൻ ഉണ്ടാക്കിയിരുന്ന ജനാല തുറന്ന് ഒരു കാക്കയെ പുറത്തേക്കയച്ചു; ഭൂമിയിൽ വെള്ളം വറ്റുന്നതുവരെയും അതു വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. ഭൂമിയുടെ പ്രതലത്തിൽനിന്ന് വെള്ളം വലിഞ്ഞിട്ടുണ്ടോ എന്നറിയാൻ ഒരു പ്രാവിനെയും അദ്ദേഹം പുറത്തേക്കയച്ചു. എന്നാൽ ഭൂമിയിൽ എങ്ങും വെള്ളമായിരുന്നതുകൊണ്ട് കാലുകുത്താൻ ഇടം കാണാതെ അതു പെട്ടകത്തിൽ നോഹയുടെ അടുക്കൽ മടങ്ങിയെത്തി. അദ്ദേഹം കൈനീട്ടി അതിനെ പിടിച്ച് പെട്ടകത്തിനുള്ളിൽ തന്റെ അടുക്കൽ ആക്കി. ഏഴുദിവസംകൂടി കാത്തിരുന്നതിനുശേഷം നോഹ പ്രാവിനെ വീണ്ടും പെട്ടകത്തിൽനിന്ന് പുറത്തേക്ക് അയച്ചു. പ്രാവു വൈകുന്നേരം തിരിച്ചെത്തിയപ്പോൾ, അതിന്റെ ചുണ്ടിൽ അതാ ഒരു പച്ച ഒലിവില! വെള്ളം ഭൂമിയിൽനിന്ന് വലിഞ്ഞിരിക്കുന്നു എന്ന് അപ്പോൾ നോഹയ്ക്ക് മനസ്സിലായി. അദ്ദേഹം ഏഴുദിവസംകൂടി കാത്തിരുന്നു; പ്രാവിനെ വീണ്ടും പുറത്തേക്ക് അയച്ചു. എന്നാൽ ഇത്തവണ അത് അദ്ദേഹത്തിന്റെ അടുക്കൽ മടങ്ങിവന്നില്ല.

ഉൽപ്പത്തി 8:1-12 - നുള്ള വീഡിയോ