ഉൽപ്പത്തി 6:1-8

ഉൽപ്പത്തി 6:1-8 MCV

മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രിമാരും ജനിച്ചു. ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നുകണ്ട് തങ്ങൾക്ക് ഇഷ്ടമുള്ളവരെ വിവാഹംചെയ്തു. അപ്പോൾ യഹോവ, “എന്റെ ആത്മാവ് മനുഷ്യനോട് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല; മനുഷ്യൻ നശ്വരൻ തന്നെയല്ലോ; അവന്റെ ആയുസ്സ് 120 വർഷമാകും” എന്ന് അരുളിച്ചെയ്തു. ഈ കാലഘട്ടത്തിലും ഇതിനുശേഷവും ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ അറിഞ്ഞു; അവർക്ക് മക്കൾ ജനിച്ചു. ഇവരായിരുന്നു പൗരാണികകാലത്തെ പ്രഖ്യാത പുരുഷന്മാർ എന്നറിയപ്പെട്ട വീരന്മാർ. ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങൾ എപ്പോഴും തിന്മനിറഞ്ഞതെന്നും യഹോവ കണ്ടു. ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ട് യഹോവ ദുഃഖിച്ചു; അവിടത്തെ ഹൃദയം അത്യന്തം വേദനിച്ചു. “ഞാൻ സൃഷ്ടിച്ച മനുഷ്യവംശത്തെ—മനുഷ്യരെയും മൃഗങ്ങളെയും നിലത്ത് ഇഴയുന്ന ജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും—ഭൂമുഖത്തുനിന്നു തുടച്ചുനീക്കും; അവയെ ഉണ്ടാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്തു. എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു.

ഉൽപ്പത്തി 6:1-8 - നുള്ള വീഡിയോ