ഉൽപ്പത്തി 45:3-11

ഉൽപ്പത്തി 45:3-11 MCV

യോസേഫ് സഹോദരന്മാരോട്, “ഞാൻ യോസേഫ് ആകുന്നു! എന്റെ അപ്പൻ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?” എന്നു ചോദിച്ചു. എന്നാൽ അതിന് ഉത്തരം പറയാൻ അദ്ദേഹത്തിന്റെ സഹോദരന്മാർക്കു കഴിഞ്ഞില്ല; കാരണം അദ്ദേഹത്തിന്റെ സന്നിധിയിൽ അവർ അത്ഭുതപരവശരായിരുന്നു. ഇതിനുശേഷം യോസേഫ് സഹോദരന്മാരോട്, “എന്റെ അടുത്തേക്കു വരിക” എന്നു പറഞ്ഞു. അവർ അടുക്കൽവന്നു. അദ്ദേഹം പറഞ്ഞു, “ഞാൻ നിങ്ങളുടെ സഹോദരനായ യോസേഫ് ആണ്. നിങ്ങൾ എന്നെ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു. എന്നാൽ ഇപ്പോൾ നിങ്ങൾ ദുഃഖിക്കരുത്; ഇവിടേക്കു വിറ്റതിൽ നിങ്ങളോടുതന്നെ കോപിക്കയുമരുത്; കാരണം, ജീവരക്ഷയ്ക്കായി ദൈവം നിങ്ങൾക്കുമുമ്പായി എന്നെ ഇവിടെ അയച്ചതാണ്. ദേശത്തു ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു; ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവർഷം ഇനിയും ഉണ്ട്. എന്നാൽ ഭൂമുഖത്ത് നിങ്ങൾക്കായി ഒരു ശേഷിപ്പിനെ നിലനിർത്താനും മഹത്തായ ഒരു വിടുതലിലൂടെ നിങ്ങളുടെ പ്രാണനെ രക്ഷിക്കാനുമായി ദൈവം നിങ്ങൾക്കുമുമ്പേ എന്നെ അയച്ചിരിക്കുന്നു. “ആകയാൽ നിങ്ങളല്ല, ദൈവമാണ് എന്നെ ഇവിടെ അയച്ചത്. അവിടന്ന് എന്നെ ഫറവോനു പിതാവും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവർക്കും പ്രഭുവും ഈജിപ്റ്റുദേശത്തിലുള്ള എല്ലാവർക്കും ഭരണാധികാരിയും ആക്കിയിരിക്കുന്നു. ഇപ്പോൾ നിങ്ങൾ വേഗം എന്റെ അപ്പന്റെ അടുക്കൽ എത്തി അദ്ദേഹത്തോട് ഇങ്ങനെ പറയണം: ‘അങ്ങയുടെ മകനായ യോസേഫ് അറിയിക്കുന്നു: ദൈവം എന്നെ ഈജിപ്റ്റിന്റെ മുഴുവൻ പ്രഭുവാക്കിയിരിക്കുന്നു; അങ്ങ് എന്റെ അടുക്കലേക്കു വേഗം വരണം, ഒട്ടും താമസിക്കരുത്. അങ്ങും, അങ്ങയുടെ മക്കളും കൊച്ചുമക്കളും ആടുമാടുകളും സകലസ്വത്തുക്കളുമായി വന്ന് എന്റെ സമീപത്ത്, ഗോശെൻ ദേശത്തു താമസിച്ചുകൊള്ളുക. അവിടെ നിങ്ങൾക്കു വേണ്ടുന്നതെല്ലാം ഞാൻ എത്തിച്ചുതന്നുകൊള്ളാം; ക്ഷാമത്തിന്റെ അഞ്ചുവർഷങ്ങൾകൂടി ഇനിയുണ്ട്. അല്ലെങ്കിൽ അങ്ങും അങ്ങയുടെ കുടുംബത്തിലുള്ളവരും അങ്ങേക്കുള്ളതെല്ലാം നശിച്ചുപോകുമല്ലോ.’

ഉൽപ്പത്തി 45:3-11 - നുള്ള വീഡിയോ