ഉൽപ്പത്തി 42:18-38

ഉൽപ്പത്തി 42:18-38 MCV

മൂന്നാംദിവസം യോസേഫ് അവരോട്, “ഇതു ചെയ്യുക, എന്നാൽ നിങ്ങൾ ജീവിച്ചിരിക്കും; ഞാൻ ദൈവത്തെ ഭയപ്പെടുന്നു: നിങ്ങൾ സത്യസന്ധരെങ്കിൽ നിങ്ങളിൽ ഒരു സഹോദരൻ ഇവിടെ കാരാഗൃഹത്തിൽ കഴിയട്ടെ; പട്ടിണികിടക്കുന്നവർക്കു ധാന്യവുമായി ശേഷമുള്ളവർക്കു മടങ്ങിപ്പോകാം. എന്നാൽ നിങ്ങളുടെ വാക്കുകൾ സത്യമോ എന്ന് ഉറപ്പുവരുത്തേണ്ടതിനും നിങ്ങൾ മരിക്കാതിരിക്കേണ്ടതിനും നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവന്നേ മതിയാകൂ.” അങ്ങനെതന്നെ ചെയ്യാൻ അവർ തീരുമാനിച്ചു. പിന്നെ അവർ പരസ്പരം പറഞ്ഞു, “നാം നിശ്ചയമായും നമ്മുടെ സഹോദരൻനിമിത്തം ശിക്ഷിക്കപ്പെടുകയാണ്. തന്റെ പ്രാണനുവേണ്ടി നമ്മോടു കെഞ്ചിയപ്പോൾ അവൻ എത്രമാത്രം സങ്കടപ്പെട്ടിരുന്നെന്നു നാം കണ്ടതാണ്. എങ്കിലും നാം അവന്റെ അപേക്ഷ കേട്ടില്ല: നാം ഈ പ്രാണസങ്കടത്തിൽ ആകാൻ കാരണം അതുതന്നെ.” അതിനു രൂബേൻ, “ബാലനു വിരോധമായി പാപം പ്രവർത്തിക്കരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നാൽ നിങ്ങൾ അതു കേട്ടില്ല. ഇപ്പോൾ നാം അവന്റെ രക്തത്തിനു കണക്കു ബോധിപ്പിച്ചേതീരൂ” എന്നു മറുപടി പറഞ്ഞു. യോസേഫ് ഒരു ദ്വിഭാഷിയെ നിയോഗിച്ചിരുന്നതുകൊണ്ട് തങ്ങൾ പറയുന്നത് അദ്ദേഹം മനസ്സിലാക്കുമെന്ന് അവർ തിരിച്ചറിഞ്ഞില്ല. യോസേഫ് അവരെവിട്ടു മാറിപ്പോയി കരഞ്ഞു. വീണ്ടും അവരുടെ അടുക്കൽ മടങ്ങിവന്ന് അവരോടു സംസാരിച്ചു. പിന്നെ അദ്ദേഹം ശിമെയോനെ അവരുടെ കൂട്ടത്തിൽനിന്ന് മാറ്റി അവരുടെ കൺമുമ്പിൽവെച്ചു ബന്ധിച്ചു. അവരുടെ ചാക്കുകളിൽ ധാന്യം നിറയ്ക്കാനും ഓരോരുത്തന്റെയും വെള്ളി അവനവന്റെ ചാക്കിൽത്തന്നെ തിരികെ നിക്ഷേപിക്കാനും അവരുടെ വഴിയാത്രയ്ക്കുള്ള വക കൊടുക്കാനും യോസേഫ് ആജ്ഞാപിച്ചു. അദ്ദേഹത്തിന്റെ ഉത്തരവുകൾ നിറവേറ്റപ്പെടുകയും ചെയ്തു. അതിനുശേഷം അവർ തങ്ങളുടെ കഴുതകളുടെ പുറത്ത് ധാന്യം കയറ്റി പുറപ്പെട്ടു. രാത്രി വിശ്രമത്തിനായി അവർ ഒരു വഴിയമ്പലത്തിലെത്തി. കഴുതയ്ക്കു തീറ്റികൊടുക്കാൻ അവരിൽ ഒരാൾ ചാക്കു തുറന്നു, തന്റെ വെള്ളി ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു. അവൻ സഹോദരന്മാരോട്, “എന്റെ വെള്ളി തിരികെത്തന്നിരിക്കുന്നു; ഇതാ, അതെന്റെ ചാക്കിൽത്തന്നെ ഇരിക്കുന്നു” എന്നു പറഞ്ഞു. അവരുടെ മനസ്സ് നിരാശപ്പെട്ടു. അവർ പേടിച്ചുവിറച്ചു പരസ്പരം നോക്കിക്കൊണ്ട്, “ദൈവം നമ്മോട് ഈ ചെയ്തിരിക്കുന്നതെന്ത്?” എന്നു പറഞ്ഞു. അവർ കനാൻദേശത്തു തങ്ങളുടെ പിതാവായ യാക്കോബിന്റെ അടുക്കൽ എത്തി തങ്ങൾക്കു സംഭവിച്ചതെല്ലാം അദ്ദേഹത്തോട് അറിയിച്ചു. അവർ ഇങ്ങനെ പറഞ്ഞു: “ആ ദേശത്തിന്റെ അധികാരിയായ മനുഷ്യൻ ഞങ്ങളോടു വളരെ പരുഷമായി സംസാരിക്കുകയും ഞങ്ങൾ ആ ദേശത്തെ പര്യവേക്ഷണംചെയ്യാൻ ചെന്നവരെന്നഭാവേന ഞങ്ങളോടു പെരുമാറുകയും ചെയ്തു. ഞങ്ങൾ അദ്ദേഹത്തോട്: ‘ഞങ്ങൾ സത്യസന്ധരാണ്, ചാരന്മാരല്ല. ഞങ്ങൾ ഒരേ പിതാവിന്റെ പുത്രന്മാരായി പന്ത്രണ്ടു സഹോദരന്മാരുണ്ടായിരുന്നു; ഒരാൾ മരിച്ചുപോയി, ഏറ്റവും ഇളയവൻ കനാനിൽ ഞങ്ങളുടെ പിതാവിന്റെകൂടെയുണ്ട്’ എന്നു പറഞ്ഞു. “അപ്പോൾ ദേശത്തിന്റെ അധികാരിയായ ആ മനുഷ്യൻ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ സത്യസന്ധരോ എന്നു ഞാൻ ഇതിനാൽ അറിയും. നിങ്ങളുടെ സഹോദരന്മാരിൽ ഒരുവനെ ഇവിടെ എന്റെ അടുക്കൽ വിട്ടിട്ട്; നിങ്ങളുടെ കുടുംബത്തിൽ പട്ടിണികിടക്കുന്നവർക്കായി ധാന്യം കൊണ്ടുപോകുക. എന്നാൽ, നിങ്ങൾ ചാരന്മാരല്ല, സത്യസന്ധരാണ് എന്നു ഞാൻ മനസ്സിലാക്കേണ്ടതിന് നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരണം. അപ്പോൾ ഞാൻ നിങ്ങളുടെ സഹോദരനെ നിങ്ങൾക്കു തിരികെത്തരും, അങ്ങനെ നിങ്ങൾക്കു ദേശത്തു വ്യാപാരം നടത്തുകയും ചെയ്യാം.’ ” പിന്നെ അവർ തങ്ങളുടെ ചാക്കുകൾ ഒഴിച്ചപ്പോൾ ഓരോരുത്തന്റെയും പണസഞ്ചി അവനവന്റെ ചാക്കിൽ ഉള്ളതായി കണ്ടു. അവരും അവരുടെ പിതാവും പണസഞ്ചി കണ്ടു ഭയപ്പെട്ടു. അവരുടെ പിതാവായ യാക്കോബ് അവരോട്, “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുകയാണ്. യോസേഫ് ഇല്ലാതെയായി, ശിമെയോനും ഇല്ല; ഇപ്പോൾ ഇതാ ബെന്യാമീനെയും കൊണ്ടുപോകണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നു. എല്ലാം എനിക്ക് പ്രതികൂലമാകുന്നു” എന്നു പറഞ്ഞു. അപ്പോൾ രൂബേൻ പിതാവിനോട്, “ഞാൻ അവനെ അങ്ങയുടെ അടുക്കൽ തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ അങ്ങ് എന്റെ പുത്രന്മാരെ ഇരുവരെയും കൊന്നുകൊള്ളുക. അവനെ എന്റെ ചുമതലയിൽ ഏൽപ്പിച്ചുതരിക; ഞാൻ അവനെ തിരികെ കൊണ്ടുവന്നുകൊള്ളാം” എന്നു പറഞ്ഞു. എന്നാൽ യാക്കോബ്, “എന്റെ മകൻ നിങ്ങളുടെകൂടെ അവിടേക്ക് പോരുകയില്ല. അവന്റെ സഹോദരൻ മരിച്ചു, ഇനി ശേഷിക്കുന്നത് അവൻമാത്രം. നിങ്ങളുടെ വഴിയാത്രയിൽ അവന് എന്തെങ്കിലും ഹാനി ഭവിച്ചാൽ നിങ്ങൾ എന്റെ നരച്ചതലയെ ദുഃഖത്തോടെ പാതാളത്തിൽ ഇറക്കും” എന്നു പറഞ്ഞു.

ഉൽപ്പത്തി 42:18-38 - നുള്ള വീഡിയോ