ഈ നിർദേശം നല്ലതെന്ന് ഫറവോനും അദ്ദേഹത്തിന്റെ സകല ഉദ്യോഗസ്ഥന്മാർക്കും തോന്നി. അതുകൊണ്ടു ഫറവോൻ അവരോട്, “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ നമുക്കു കണ്ടെത്താൻ കഴിയുമോ?” എന്നു ചോദിച്ചു. പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിന്നെ അറിയിച്ചിരിക്കുന്നതുകൊണ്ട് നിന്നെപ്പോലെ വിവേചനവും ജ്ഞാനവും ഉള്ള മറ്റാരുമില്ല. എന്റെ കൊട്ടാരത്തിന്റെ ചുമതല നിനക്കായിരിക്കും; എന്റെ സകലപ്രജകളും നിന്റെ ആജ്ഞകൾക്കു വിധേയരായിരിക്കും. സിംഹാസനത്തിന്റെ കാര്യത്തിൽമാത്രം ഞാൻ നിന്നെക്കാൾ ശ്രേഷ്ഠനായിരിക്കും.” ഫറവോൻ യോസേഫിനോട്, “ഞാൻ ഇതിനാൽ നിന്നെ ഈജിപ്റ്റുദേശത്തിന്റെ മുഴുവൻ അധികാരിയായി നിയമിക്കുന്നു” എന്നു പറഞ്ഞു. പിന്നെ ഫറവോൻ തന്റെ മുദ്രമോതിരം കൈയിൽനിന്നും ഊരി യോസേഫിന്റെ കൈയിൽ ഇട്ടു. അദ്ദേഹം യോസേഫിനെ നേർമയേറിയ നിലയങ്കി ധരിപ്പിക്കുകയും അവന്റെ കഴുത്തിൽ സ്വർണമാല അണിയിക്കുകയും ചെയ്തു. അതിനുശേഷം യോസേഫിനെ തന്റെ അടുത്ത അധികാരി കയറുന്ന രഥത്തിൽ കയറ്റി; “മുട്ടുകുത്തുവിൻ” എന്ന് അവന്റെ മുന്നിൽ വിളിച്ചുപറയിച്ചു. അങ്ങനെ ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റുദേശത്തിന്റെ മുഴുവനും അധികാരിയാക്കി. ഇതിനുശേഷം ഫറവോൻ യോസേഫിനോട്, “ഞാൻ ഫറവോൻ ആകുന്നു; എന്നാൽ നിന്റെ അനുവാദം കൂടാതെ ഈജിപ്റ്റിൽ എങ്ങും ആരും കൈയോ കാലോ അനക്കുകയില്ല” എന്നു പറഞ്ഞു. ഫറവോൻ യോസേഫിനു സാപ്നത്-പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ പുത്രിയായ ആസ്നത്തിനെ അദ്ദേഹത്തിനു ഭാര്യയായി കൊടുക്കുകയും ചെയ്തു. യോസേഫ് ഈജിപ്റ്റുദേശത്തുടനീളം സഞ്ചരിച്ചു. ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ മുന്നിൽ യോസേഫ് നിൽക്കുമ്പോൾ യോസേഫിന് മുപ്പതുവയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധിയിൽനിന്ന് പുറപ്പെട്ടുപോയി ദേശത്തെങ്ങും സഞ്ചരിച്ചു. സമൃദ്ധിയുടെ ഏഴുവർഷങ്ങളിൽ ദേശം അത്യധികം വിളവുനൽകി. ഈജിപ്റ്റിൽ, സമൃദ്ധിയുടെ ആ ഏഴുവർഷങ്ങളിൽ വിളഞ്ഞ ധാന്യം മുഴുവൻ യോസേഫ് ശേഖരിച്ച് നഗരങ്ങളിൽ സൂക്ഷിച്ചു. ഓരോ നഗരത്തിന്റെയും ചുറ്റുപാടുമുള്ള വയലുകളിൽ വിളഞ്ഞ ധാന്യം അദ്ദേഹം അതതു നഗരത്തിൽ സൂക്ഷിച്ചുവെച്ചു. കടൽക്കരയിലെ മണൽപോലെ വളരെയധികം ധാന്യം യോസേഫ് ശേഖരിച്ചു. അളന്നു തിട്ടപ്പെടുത്താൻ അസാധ്യമായതുകൊണ്ട് അളക്കുന്നതു നിർത്തിക്കളഞ്ഞു. ക്ഷാമകാലം വരുന്നതിനുമുമ്പ് യോസേഫിന് ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിൽ രണ്ടു പുത്രന്മാർ ജനിച്ചു. “എന്റെ സകലകഷ്ടതയെയും എന്റെ പിതൃഭവനത്തെയും മറക്കാൻ ദൈവം എനിക്ക് ഇടയാക്കി,” എന്നു പറഞ്ഞുകൊണ്ട് യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു. “എന്റെ യാതനയുടെ ദേശത്ത് ദൈവം എനിക്കു ഫലസമൃദ്ധി നൽകി,” എന്നു പറഞ്ഞ് അദ്ദേഹം രണ്ടാമത്തെ മകന് എഫ്രയീം എന്നു പേരിട്ടു. ഈജിപ്റ്റിലെ സമൃദ്ധിയുടെ ഏഴുവർഷങ്ങൾ അവസാനിച്ചു; യോസേഫ് പറഞ്ഞിരുന്നതുപോലെ ക്ഷാമത്തിന്റെ ഏഴുവർഷങ്ങൾ ആരംഭിച്ചു. എല്ലാ ദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ ഈജിപ്റ്റിലെല്ലായിടത്തും ആഹാരം ലഭ്യമായിരുന്നു. ഈജിപ്റ്റിലും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയപ്പോൾ ജനങ്ങൾ ആഹാരത്തിനുവേണ്ടി ഫറവോനോടു നിലവിളിച്ചു. അപ്പോൾ ഫറവോൻ എല്ലാ ഈജിപ്റ്റുകാരോടും, “നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെന്ന് അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക” എന്നു പറഞ്ഞു. ക്ഷാമം ദേശത്തെല്ലായിടത്തും വ്യാപിച്ചുകഴിഞ്ഞപ്പോൾ യോസേഫ് സംഭരണശാലകൾ തുറന്ന് ഈജിപ്റ്റുകാർക്കു ധാന്യം വിറ്റു; ഈജിപ്റ്റിൽ ക്ഷാമം രൂക്ഷമായിരുന്നു. യോസേഫിനോടു ധാന്യം വാങ്ങാൻ എല്ലാ ദേശക്കാരും ഈജിപ്റ്റിലെത്തി; കാരണം എല്ലായിടത്തും ക്ഷാമം അതികഠിനമായിരുന്നു.
ഉൽപ്പത്തി 41 വായിക്കുക
കേൾക്കുക ഉൽപ്പത്തി 41
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 41:37-57
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ