രണ്ടുവർഷം കഴിഞ്ഞപ്പോൾ ഫറവോൻ ഒരു സ്വപ്നംകണ്ടു: അദ്ദേഹം നൈൽനദീതീരത്തു നിൽക്കുകയായിരുന്നു. അപ്പോൾ കാഴ്ചയ്ക്കു മോടിയുള്ളതും കൊഴുത്തതുമായ ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്ന് ഞാങ്ങണകൾക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു. അതിനുശേഷം അവയുടെ പിന്നാലെ വിരൂപവും മെലിഞ്ഞതുമായ വേറെ ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്നു. അവ നദീതീരത്തു നിന്നിരുന്ന പശുക്കളുടെ അരികിൽത്തന്നെ വന്നുനിന്നു. മെലിഞ്ഞു വിരൂപമായ പശുക്കൾ ഭംഗിയും പുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു! അപ്പോൾ ഫറവോൻ ഉണർന്നു. അദ്ദേഹം വീണ്ടും ഉറങ്ങി. രണ്ടാമതൊരു സ്വപ്നംകണ്ടു: ഇതാ, ഒരു തണ്ടിൽ പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിരുകൾ മുളച്ചുവന്നു. അവയ്ക്കു പിന്നാലെ, നേർത്തതും കിഴക്കൻകാറ്റേറ്റ് ഉണങ്ങിക്കരിഞ്ഞതുമായ വേറെ ഏഴു കതിരുകൾ മുളച്ചുവന്നു. ആ നേർത്ത ഏഴു കതിരുകൾ ആരോഗ്യമുള്ളതും ധാന്യം നിറഞ്ഞതുമായ ഏഴു കതിരുകളെയും വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതൊരു സ്വപ്നമായിരുന്നു എന്നു മനസ്സിലാക്കി. പ്രഭാതത്തിൽ അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അദ്ദേഹം ഈജിപ്റ്റിലെ സകലജ്യോതിഷികളെയും ജ്ഞാനികളെയും ആളയച്ചുവരുത്തി; ഫറവോൻ അവരോട് തന്റെ സ്വപ്നം പറഞ്ഞു; എന്നാൽ അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ പ്രധാന വീഞ്ഞുകാരൻ ഫറവോനോടു പറഞ്ഞു: “ഇന്ന് ഞാൻ എന്റെ തെറ്റ് ഓർക്കുന്നു. ഒരിക്കൽ ഫറവോൻ തന്റെ ദാസന്മാരോടു കോപിച്ചു; അവിടന്ന് എന്നെയും പ്രധാന അപ്പക്കാരനെയും അംഗരക്ഷകരുടെ അധിപന്റെ വീട്ടിൽ തടവിലാക്കി. ഒരേരാത്രിയിൽ ഞങ്ങൾ ഇരുവരും വ്യത്യസ്ത അർഥമുള്ള ഓരോ സ്വപ്നംകണ്ടു; അംഗരക്ഷകരുടെ അധിപന്റെ ദാസനായ ഒരു എബ്രായയുവാവ് അന്നു ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. ഞങ്ങൾ ഞങ്ങളുടെ സ്വപ്നങ്ങൾ അവനെ അറിയിച്ചു; അവൻ ഞങ്ങൾക്ക് അവ വ്യാഖ്യാനിച്ചുതന്നു; ഓരോരുത്തന്റെയും സ്വപ്നത്തിന്റെ അർഥവും പറഞ്ഞുതന്നു. അവൻ അവ ഞങ്ങൾക്കു വ്യാഖ്യാനിച്ചുതന്നതുപോലെതന്നെ സംഭവിച്ചു; എന്നെ പഴയ സ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിലേറ്റുകയും ചെയ്തു.” ഫറവോൻ യോസേഫിനുവേണ്ടി ആളയച്ചു; അവനെ കൽത്തുറുങ്കിൽനിന്ന് ഉടൻതന്നെ വരുത്തി. അവൻ ക്ഷൗരംചെയ്ത് വസ്ത്രം മാറിയതിനുശേഷം ഫറവോന്റെ സന്നിധിയിൽ വന്നു. ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാനൊരു സ്വപ്നംകണ്ടു, അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിയുന്നില്ല. എന്നാൽ നിനക്ക് ഒരു സ്വപ്നം കേൾക്കുമ്പോൾത്തന്നെ അതു വ്യാഖ്യാനിക്കാൻ കഴിയുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു.” “ഞാനല്ല, ദൈവമാണ് ഫറവോനു ശുഭകരമായ മറുപടി നൽകുന്നത്,” യോസേഫ് ഫറവോനോട് ഉത്തരം പറഞ്ഞു.
ഉൽപ്പത്തി 41 വായിക്കുക
കേൾക്കുക ഉൽപ്പത്തി 41
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 41:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ