ഉൽപ്പത്തി 4:10-16

ഉൽപ്പത്തി 4:10-16 MCV

അപ്പോൾ യഹോവ അരുളിച്ചെയ്തത്: “നീ ഈ ചെയ്തത് എന്ത്? നോക്കൂ! നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നീ ശാപഗ്രസ്തനായി; നിന്റെ കൈയിൽനിന്ന് നിന്റെ സഹോദരന്റെ രക്തം ഏറ്റുവാങ്ങാൻ വായ് തുറന്ന ദേശത്തുനിന്നു നീ പുറത്താക്കപ്പെടും. നീ നിലത്തു കൃഷി ചെയ്താൽ ഇനിയൊരിക്കലും അതു നിനക്കു പുഷ്ടിയോടെ വിളവുനൽകുകയില്ല. നീ ഭൂമുഖത്തു ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന അഭയാർഥിയുമായിരിക്കും.” അതിന് കയീൻ യഹോവയോട്: “എന്റെ ശിക്ഷ എനിക്കു വഹിക്കാവുന്നതിലും അധികമാണ്! ഇന്ന് ഈ ദേശത്തുനിന്ന് അങ്ങ് എന്നെ ആട്ടിപ്പായിക്കുന്നു; അങ്ങയുടെ സന്നിധിയിൽനിന്ന് ഇനി ഞാൻ ഒളിച്ചുകഴിയേണ്ടതായി വരും; ഞാൻ ഭൂമുഖത്ത് അലഞ്ഞുതിരിയുന്ന അഭയാർഥിയാകും. എന്നെ ആരെങ്കിലും കണ്ടെത്തിയാൽ അവൻ എന്നെ കൊന്നുകളയും” എന്നു പറഞ്ഞു. യഹോവ അതിനു മറുപടിയായി: “അങ്ങനെയല്ല, ആരെങ്കിലും കയീനെ വധിച്ചാൽ അവനോടുള്ള പ്രതികാരം ഏഴുമടങ്ങായിരിക്കും” എന്ന് അരുളിച്ചെയ്തു. കയീനെ കണ്ടെത്തുന്ന ആരും അവനെ വധിക്കാതിരിക്കേണ്ടതിന് യഹോവ അവന്റെമേൽ ഒരടയാളം വെച്ചു. കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടുപോയി ഏദെനു കിഴക്കുള്ള നോദ് ദേശത്തു ചെന്നു താമസിച്ചു.

ഉൽപ്പത്തി 4:10-16 - നുള്ള വീഡിയോ