ഇതിനുശേഷം ആദാം തന്റെ ഭാര്യയായ ഹവ്വായെ അറിഞ്ഞു. അവൾ ഗർഭംധരിച്ച് കയീന് ജന്മംനൽകി. “യഹോവ സഹായിച്ചതിനാൽ എനിക്കൊരു പുരുഷപ്രജ ലഭിച്ചു,” എന്ന് അവൾ പറഞ്ഞു. ഹവ്വാ വീണ്ടും ഗർഭംധരിച്ച് കയീന്റെ സഹോദരനായ ഹാബേലിനെ പ്രസവിച്ചു. ഹാബേൽ ആട്ടിടയനും കയീൻ നിലത്ത് പണിയെടുക്കുന്നവനും ആയിത്തീർന്നു. വിളവെടുപ്പിന്റെ സമയമായപ്പോൾ കയീൻ വയലിലെ വിളവിൽനിന്ന് ഒരംശം യഹോവയ്ക്കു യാഗമായി കൊണ്ടുവന്നു. ഹാബേലോ, തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽനിന്ന് മേൽത്തരം ആടുകളെ യാഗത്തിനു കൊണ്ടുവന്നു. യഹോവ ഹാബേലിലും അവന്റെ യാഗത്തിലും സംപ്രീതനായി; എന്നാൽ, കയീനിലും അവന്റെ യാഗാർപ്പണത്തിലും പ്രസാദിച്ചില്ല. കയീൻ ഇതിൽ വളരെ കുപിതനായി; അവന്റെ മുഖം മ്ലാനമായി. യഹോവ കയീനോട്: “നീ കോപിക്കുന്നതെന്തിന്? നിന്റെ മുഖം മ്ലാനമാകുന്നതും എന്തിന്? എന്നു ചോദിച്ചു. നന്മയായതു പ്രവർത്തിക്കുന്നെങ്കിൽ നീ അംഗീകരിക്കപ്പെടുകയില്ലയോ? എന്നാൽ നന്മയായതു പ്രവർത്തിക്കാതിരുന്നാൽ പാപം നിന്റെ വാതിൽക്കൽ കിടക്കുന്നു, അതു നിന്നെ അധീനനാക്കാൻ ആഗ്രഹിക്കുന്നു, നീയോ അതിനെ കീഴടക്കണം” എന്നു കൽപ്പിച്ചു. ഒരു ദിവസം കയീൻ തന്റെ സഹോദരനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ സഹോദരനായ ഹാബേലിനെ ആക്രമിച്ചു കൊലപ്പെടുത്തി. അപ്പോൾ യഹോവ കയീനോട്, “നിന്റെ സഹോദരൻ ഹാബേൽ എവിടെ?” എന്നു ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ, ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ?” എന്നു പ്രതിവചിച്ചു. അപ്പോൾ യഹോവ അരുളിച്ചെയ്തത്: “നീ ഈ ചെയ്തത് എന്ത്? നോക്കൂ! നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നീ ശാപഗ്രസ്തനായി; നിന്റെ കൈയിൽനിന്ന് നിന്റെ സഹോദരന്റെ രക്തം ഏറ്റുവാങ്ങാൻ വായ് തുറന്ന ദേശത്തുനിന്നു നീ പുറത്താക്കപ്പെടും. നീ നിലത്തു കൃഷി ചെയ്താൽ ഇനിയൊരിക്കലും അതു നിനക്കു പുഷ്ടിയോടെ വിളവുനൽകുകയില്ല. നീ ഭൂമുഖത്തു ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന അഭയാർഥിയുമായിരിക്കും.”
ഉൽപ്പത്തി 4 വായിക്കുക
കേൾക്കുക ഉൽപ്പത്തി 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 4:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ