ഉൽപ്പത്തി 37:2-11

ഉൽപ്പത്തി 37:2-11 MCV

യാക്കോബിന്റെ വംശപാരമ്പര്യം സംബന്ധിച്ചുള്ള വിവരണം ഇപ്രകാരം ആകുന്നു: പതിനേഴുവയസ്സുള്ള ചെറുപ്പക്കാരനായ യോസേഫ് ഒരിക്കൽ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിക്കുകയായിരുന്നു. അവൻ, തന്റെ പിതാവിന്റെ ഭാര്യമാരായ ബിൽഹായുടെയും സിൽപ്പയുടെയും പുത്രന്മാരായ തന്റെ സഹോദരന്മാർ ചെയ്യരുതാത്ത ഒരു കാര്യം പിതാവിനെ അറിയിച്ചു. തന്റെ വാർധക്യത്തിൽ തനിക്കു ജനിച്ച പുത്രനായതുകൊണ്ട് ഇസ്രായേൽ യോസേഫിനെ മറ്റു പുത്രന്മാരെക്കാൾ അധികമായി സ്നേഹിച്ചു. അതുകൊണ്ട് അദ്ദേഹം അവനു വളരെ മനോഹരമായ ഒരു കുപ്പായം ഉണ്ടാക്കിക്കൊടുത്തു. തങ്ങളുടെ പിതാവ് എല്ലാവരെക്കാളും അധികമായി യോസേഫിനെ സ്നേഹിക്കുന്നെന്നു സഹോദരന്മാർ കണ്ടിട്ട് അവർ അവനെ വെറുത്തു; അവനോടു ദയാപൂർവം സംസാരിക്കാൻപോലും അവർക്കു കഴിഞ്ഞില്ല. ഒരു ദിവസം യോസേഫ് ഒരു സ്വപ്നംകണ്ടു; അവൻ അതു തന്റെ സഹോദരന്മാരെ അറിയിച്ചു; അപ്പോൾ അവർ അവനെ ഏറ്റവുമധികം വെറുത്തു. യോസേഫ് അവരോട്: “ഞാൻ കണ്ട സ്വപ്നം കേൾക്കുക: നമ്മൾ എല്ലാവരുംകൂടി വയലിൽ കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു; പെട്ടെന്ന് എന്റെ കറ്റ എഴുന്നേറ്റു നിവർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റുംനിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.” യോസേഫിന്റെ സഹോദരന്മാർ അവനോട്, “ഞങ്ങളുടെമേൽ ഭരണം നടത്താനാണോ നിന്റെ ഭാവം? നീ വാസ്തവമായി ഞങ്ങളെ ഭരിക്കുമോ?” എന്നു ചോദിച്ചു, അവന്റെ സ്വപ്നവും വാക്കുകളും നിമിത്തം അവർ അവനെ പൂർവാധികം വെറുത്തു. അവൻ മറ്റൊരു സ്വപ്നംകണ്ടു; അതും സഹോദരന്മാരെ അറിയിച്ചു: “ശ്രദ്ധിക്കുക, ഞാൻ വേറൊരു സ്വപ്നം കണ്ടിരിക്കുന്നു; ഇത്തവണ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങുകയായിരുന്നു.” ഇത് യോസേഫ് തന്റെ പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോൾ പിതാവ് അവനെ ശാസിച്ചുകൊണ്ട്, “എന്താണു നീ കണ്ട ഈ സ്വപ്നം? നിന്റെ അമ്മയും ഞാനും നിന്റെ സഹോദരന്മാരും വന്നു നിന്നെ സാഷ്ടാംഗം നമസ്കരിക്കുമെന്നോ?” എന്നു ചോദിച്ചു. അവന്റെ സഹോദരന്മാർ അവനോട് അസൂയാലുക്കളായിത്തീർന്നു; അപ്പനോ, ഇക്കാര്യം മനസ്സിൽ കരുതിവെച്ചു.

ഉൽപ്പത്തി 37:2-11 - നുള്ള വീഡിയോ