യാക്കോബ് യാത്രതുടർന്നു; ദൈവദൂതന്മാർ അദ്ദേഹത്തെ എതിരേറ്റു. യാക്കോബ് അവരെ കണ്ടപ്പോൾ അദ്ദേഹം, “ഇതു ദൈവത്തിന്റെ സേന” എന്നു പറഞ്ഞ് ആ സ്ഥലത്തിനു മഹനയീം എന്നു പേരിട്ടു. ഏദോം രാജ്യത്ത്, സേയീർദേശത്ത് തന്റെ സഹോദരനായ ഏശാവിന്റെ അടുത്തേക്കു യാക്കോബ് തനിക്കുമുമ്പേ സന്ദേശവാഹകരെ അയച്ചു. അദ്ദേഹം അവർക്ക് ഈ വിധം നിർദേശംനൽകി: “നിങ്ങൾ എന്റെ യജമാനനായ ഏശാവിനോട് പറയേണ്ടത് ഇതാണ്: ‘ഞാൻ ലാബാന്റെകൂടെ താമസിക്കുകയായിരുന്നു; ഈ സമയംവരെയും അവിടെ താമസിച്ചു. എനിക്കു കന്നുകാലികളും കഴുതകളും ചെമ്മരിയാടുകളും കോലാടുകളും ദാസീദാസന്മാരും ഉണ്ട്. അങ്ങേക്ക് എന്നോടു കൃപയുണ്ടാകണം, അതിനുവേണ്ടിയാണ് ഞാൻ ഇപ്പോൾ ഈ സന്ദേശം അയയ്ക്കുന്നത് എന്ന് അങ്ങയുടെ ദാസനായ യാക്കോബ് അറിയിക്കുന്നു.’ ” സന്ദേശവാഹകന്മാർ യാക്കോബിന്റെ അടുക്കൽ തിരിച്ചെത്തി അദ്ദേഹത്തോട്: “ഞങ്ങൾ അങ്ങയുടെ സഹോദരനായ ഏശാവിന്റെ അടുക്കൽ ചെന്നു, അദ്ദേഹം ഇതാ അങ്ങയെ എതിരേൽക്കാൻ വരുന്നു; നാനൂറ് ആളുകളും അദ്ദേഹത്തോടൊപ്പമുണ്ട്” എന്നു പറഞ്ഞു. യാക്കോബിന് മഹാഭയവും സംഭ്രമവും ഉണ്ടായി. യാക്കോബ് തന്നോടുകൂടെയുണ്ടായിരുന്ന ആളുകളെയും ആടുമാടുകളെയും ഒട്ടകങ്ങളെയും രണ്ടു സംഘങ്ങളായി വിഭജിച്ചു. “ഏശാവു വന്ന് ഒരു സംഘത്തെ ആക്രമിച്ചാൽ മറ്റേ സംഘത്തിനു രക്ഷപ്പെടാമല്ലോ” എന്ന് അദ്ദേഹം ചിന്തിച്ചു. പിന്നെ യാക്കോബ് പ്രാർഥിച്ചു: “എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവമേ, എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവമേ, യഹോവേ, അവിടന്ന് എന്നോട്, ‘നിന്റെ നാട്ടിലേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നെ വർധിപ്പിക്കും’ എന്ന് അരുളിച്ചെയ്തല്ലോ! അവിടത്തെ ദാസനോട് അവിടന്നു കാണിച്ച ദയയ്ക്കും വിശ്വസ്തതയ്ക്കും ഈയുള്ളവൻ അയോഗ്യനാണ്. ഒരു വടിയോടുകൂടിമാത്രമല്ലോ ഞാൻ ഈ യോർദാൻ കടന്നത്, എന്നാൽ ഇപ്പോൾ ഇതാ ഞാൻ രണ്ടു സംഘങ്ങളായി വർധിച്ചിരിക്കുന്നു. എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അദ്ദേഹം വന്ന് മക്കളോടുകൂടെ അമ്മയെയും നശിപ്പിക്കുമെന്നു ഞാൻ ഭയപ്പെടുന്നു. എങ്കിലും ‘ഞാൻ നിന്നെ നിശ്ചയമായും വർധിപ്പിക്കയും നിന്റെ സന്തതികളെ കടൽക്കരയിലെ എണ്ണിക്കൂടാത്ത മണൽപോലെ ആക്കിത്തീർക്കുകയും ചെയ്യും’ എന്ന് അവിടന്ന് അരുളിച്ചെയ്തല്ലോ.”
ഉൽപ്പത്തി 32 വായിക്കുക
കേൾക്കുക ഉൽപ്പത്തി 32
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 32:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ