“ഞങ്ങളുടെ അപ്പന്റെ സ്വന്തമായിരുന്നതെല്ലാം യാക്കോബ് എടുത്തു; അപ്പന്റെ സ്വത്തിൽനിന്ന് അദ്ദേഹം ഈ ധനമെല്ലാം സമ്പാദിച്ചിരിക്കുന്നു,” എന്നു ലാബാന്റെ പുത്രന്മാർ പറയുന്നതായി യാക്കോബ് കേട്ടു. ലാബാനു തന്നോടുള്ള മനോഭാവം പണ്ടത്തേതിൽനിന്ന് മാറിപ്പോയിരിക്കുന്നു എന്നതും യാക്കോബ് ശ്രദ്ധിച്ചു. അപ്പോൾ യഹോവ യാക്കോബിനോട്, “നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും” എന്ന് അരുളിച്ചെയ്തു. യാക്കോബ് ആളയച്ച് റാഹേലിനെയും ലേയയെയും തന്റെ ആട്ടിൻപറ്റങ്ങൾ മേയുന്ന വയലിലേക്കു വിളിപ്പിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ അപ്പന് എന്നോടുള്ള മനോഭാവം മാറിപ്പോയിരിക്കുന്നു എന്നു ഞാൻ കാണുന്നു; എന്നാൽ എന്റെ പിതാവിന്റെ ദൈവം ഇതുവരെയും എന്നോടുകൂടെയിരുന്നു. എന്റെ കഴിവു മുഴുവൻ ഉപയോഗിച്ചു ഞാൻ നിങ്ങളുടെ അപ്പനുവേണ്ടി ജോലിചെയ്തുവെന്നു നിങ്ങൾക്കറിയാമല്ലോ; എന്നാൽ നിങ്ങളുടെ അപ്പൻ പത്തുപ്രാവശ്യം എന്റെ പ്രതിഫലം മാറ്റുകയും അങ്ങനെ എന്നെ കബളിപ്പിക്കുകയും ചെയ്തു. ഏതായിരുന്നാലും എനിക്കു ദോഷം ചെയ്യാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല. ‘പുള്ളിയുള്ളവ നിന്റെ പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആട്ടിൻപറ്റങ്ങളെല്ലാം പുള്ളിയുള്ള കുട്ടികളെ പ്രസവിച്ചു; ‘വരയുള്ളതെല്ലാം നിന്റെ പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞപ്പോഴെല്ലാം ആട്ടിൻപറ്റങ്ങൾ വരയുള്ള കുട്ടികളെ പെറ്റു. അങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻപറ്റത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു. “ആടുകൾ ചനയേൽക്കുന്ന കാലത്ത്, ഇണചേരുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവയാണെന്ന് ഞാൻ സ്വപ്നത്തിൽ കണ്ടു. ദൈവത്തിന്റെ ദൂതൻ എന്നെ സ്വപ്നത്തിൽ ‘യാക്കോബേ,’ എന്നു വിളിച്ചു. ‘അടിയൻ ഇതാ’ എന്നു ഞാൻ ഉത്തരം പറഞ്ഞു. അപ്പോൾ അവിടന്ന്: ‘നീ തലയുയർത്തി നോക്കുക, ഇണചേരുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവതന്നെ; ലാബാൻ നിന്നോടു ചെയ്തുപോന്നതെല്ലാം ഞാൻ കണ്ടിരിക്കുന്നു. നീ തൂണിനെ അഭിഷേകംചെയ്തതും എന്നോടു ശപഥംചെയ്തതുമായ ബേഥേലിലെ ദൈവമാണ് ഞാൻ. നീ ഉടൻതന്നെ ഈ ദേശംവിട്ട് നിന്റെ സ്വദേശത്തേക്കു മടങ്ങിപ്പോകുക എന്ന് അരുളിച്ചെയ്തു.’ ” അപ്പോൾ റാഹേലും ലേയയും ഇങ്ങനെ മറുപടി പറഞ്ഞു: “ഞങ്ങളുടെ പിതാവിന്റെ സ്വത്തിൽ ഞങ്ങൾക്ക് അവകാശപ്പെട്ട ഓഹരി ഇനി എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ? അദ്ദേഹം ഞങ്ങളെ പ്രവാസികളായിട്ടല്ലയോ കണക്കാക്കുന്നത്? ഞങ്ങളെ വിൽക്കുകമാത്രമല്ല, ഞങ്ങളുടെ വിലയായി ലഭിച്ചത് ഉപയോഗിച്ചുതീർക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ പിതാവിന്റെ പക്കൽനിന്ന് ദൈവം നീക്കംചെയ്ത സ്വത്തുക്കൾ എല്ലാം ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുങ്ങൾക്കും ഉള്ളതാണ്. അതുകൊണ്ട് ദൈവം അങ്ങയോട് എന്തു പറഞ്ഞിരിക്കുന്നോ അതു ചെയ്തുകൊൾക.”
ഉൽപ്പത്തി 31 വായിക്കുക
കേൾക്കുക ഉൽപ്പത്തി 31
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 31:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ