ഉൽപ്പത്തി 3:14-24

ഉൽപ്പത്തി 3:14-24 MCV

അപ്പോൾ യഹോവയായ ദൈവം പാമ്പിനോട്: “ഇതു ചെയ്തതുകൊണ്ടു, “സകലകന്നുകാലികളെക്കാളും വന്യമൃഗങ്ങളെക്കാളും നീ ശപിക്കപ്പെട്ടിരിക്കുന്നു. നീ ഉരസ്സുകൊണ്ടു ഗമിക്കുകയും നിന്റെ ആയുഷ്കാലമൊക്കെയും പൊടിതിന്നുകയും ചെയ്യും” എന്നും “ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും ശത്രുത ഉണ്ടാക്കും; അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും” എന്നും കൽപ്പിച്ചു. ദൈവം സ്ത്രീയോട് അരുളിച്ചെയ്തത്: “ഞാൻ നിന്റെ ഗർഭകാലം വേദനയുള്ളതാക്കും; അതിവേദനയോടെ നീ മക്കളെ പ്രസവിക്കും. നിന്റെ അഭിലാഷം നിന്റെ ഭർത്താവിനോടാകും, അവൻ നിന്നെ ഭരിക്കും.” യഹോവ ആദാമിനോട് അരുളിച്ചെയ്തത്: “നീ നിന്റെ ഭാര്യയുടെ വാക്കു കേൾക്കുകയും ‘തിന്നരുത്’ എന്നു ഞാൻ കൽപ്പിച്ച വൃക്ഷത്തിന്റെ ഫലം തിന്നുകയും ചെയ്തതുകൊണ്ട്, “നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലം മുഴുവൻ കഷ്ടതയോടെ അതിൽനിന്ന് ഉപജീവനംകഴിക്കും. ഭൂമി നിനക്കായി മുള്ളും ഞെരിഞ്ഞിലും മുളപ്പിക്കും, നീ വയലിലെ സസ്യങ്ങൾ ഭക്ഷിക്കും. മണ്ണിൽനിന്ന് നിന്നെ എടുത്തു; മണ്ണിലേക്കു മടങ്ങുംവരെ നിന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട് നീ ആഹാരം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിലേക്കു നീ തിരികെച്ചേരും.” ആദാം തന്റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു; കാരണം അവൾ ജീവനുള്ളവർക്കെല്ലാം മാതാവാണല്ലോ. യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യയ്ക്കും തുകൽകൊണ്ടു വസ്ത്രമുണ്ടാക്കി അവരെ ധരിപ്പിച്ചു. അതിനുശേഷം യഹോവയായ ദൈവം അരുളിച്ചെയ്തു: “ഇതാ മനുഷ്യൻ നന്മതിന്മകൾ അറിയുന്നവനായി, നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു. അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടി പറിച്ചുതിന്ന് എന്നേക്കും ജീവിക്കാൻ അനുവദിച്ചുകൂടാ.” മനുഷ്യനെ എടുത്തിരുന്ന മണ്ണിൽ അധ്വാനിക്കേണ്ടതിന് യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി. മനുഷ്യനെ പുറത്താക്കിയശേഷം ദൈവം, ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കുന്നതിന് ഏദെൻതോട്ടത്തിനു കിഴക്ക് കെരൂബുകളെ കാവൽ നിർത്തുകയും എല്ലാ വശത്തേക്കും തിരിയുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാൾ സ്ഥാപിക്കുകയും ചെയ്തു.

ഉൽപ്പത്തി 3:14-24 - നുള്ള വീഡിയോ