ഉൽപ്പത്തി 29:1-14

ഉൽപ്പത്തി 29:1-14 MCV

യാക്കോബ് യാത്രതുടർന്ന് പൂർവദേശത്തെ ജനങ്ങളുടെ അടുത്തെത്തി. അവിടെ വെളിമ്പ്രദേശത്ത് അയാൾ ഒരു കിണർ കണ്ടു: ആട്ടിൻപറ്റങ്ങൾക്ക് അതിൽനിന്ന് വെള്ളം കൊടുത്തിരുന്നതുകൊണ്ട് അതിനു സമീപം മൂന്ന് ആട്ടിൻപറ്റം കിടക്കുന്നുണ്ടായിരുന്നു. കിണറ്റിന്റെ വായ്ക്കൽ വെച്ചിരുന്ന കല്ല് വളരെ വലുതായിരുന്നു. ആട്ടിൻപറ്റങ്ങൾ വന്നുകൂടുമ്പോൾ ഇടയന്മാർ കിണറ്റിന്റെ വായ്ക്കൽനിന്ന് കല്ല് ഉരുട്ടി നീക്കുകയും ആടുകൾക്ക് വെള്ളം കൊടുക്കുകയും ചെയ്യും. പിന്നെ കല്ല് കിണറിന്റെ വായ്ക്കൽ അതിന്റെ സ്ഥാനത്തു വെക്കും. യാക്കോബ് ആട്ടിടയന്മാരോട്, “സഹോദരന്മാരേ, നിങ്ങൾ എവിടെനിന്നുള്ളവർ?” എന്നു ചോദിച്ചു. “ഞങ്ങൾ ഹാരാനിൽനിന്നുള്ളവർ” അവർ മറുപടി പറഞ്ഞു. അദ്ദേഹം അവരോട്, “നിങ്ങൾ നാഹോരിന്റെ പൗത്രനായ ലാബാനെ അറിയുമോ?” എന്നു ചോദിച്ചു. “ഞങ്ങൾ അറിയും,” അവർ ഉത്തരം പറഞ്ഞു. “അദ്ദേഹം സുഖമായിരിക്കുന്നോ?” യാക്കോബ് അവരോട് അന്വേഷിച്ചു. “അദ്ദേഹം സുഖമായിരിക്കുന്നു. അതാ, അദ്ദേഹത്തിന്റെ മകൾ റാഹേൽ ആടുകളുമായി വരുന്നു,” അവർ പറഞ്ഞു. “നോക്കൂ, പകലിനിയും വളരെയുണ്ടല്ലോ; ആട്ടിൻപറ്റങ്ങളെ കൂട്ടിച്ചേർക്കാൻ നേരമായിട്ടില്ല. ആടുകൾക്ക് വെള്ളം കൊടുത്തിട്ട് മേച്ചിൽപ്പുറത്തേക്കു കൊണ്ടുപോകുക,” യാക്കോബ് അവരോടു പറഞ്ഞു. “എല്ലാ കൂട്ടങ്ങളും വന്നുചേരുകയും കിണറ്റിന്റെ വായ്ക്കൽനിന്ന് കല്ലു മാറ്റുകയും വേണം. അപ്പോൾ ഞങ്ങൾ ആടുകൾക്ക് വെള്ളം കൊടുക്കും. അല്ലാതെ, തിരിച്ചുപോകാൻ സാധ്യമല്ല,” അവർ മറുപടി പറഞ്ഞു. ഇങ്ങനെ യാക്കോബ് അവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റാഹേൽ തന്റെ അപ്പന്റെ ആടുകളുമായി അവിടെ എത്തി; അവളായിരുന്നു അതിനെ മേയിച്ചിരുന്നത്. തന്റെ അമ്മാവനായ ലാബാന്റെ മകളായ റാഹേലിനെയും ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്ന് കിണറ്റിന്റെ വായ്ക്കൽനിന്ന് കല്ല് ഉരുട്ടിമാറ്റിയിട്ട് അമ്മാവന്റെ ആടുകൾക്ക് വെള്ളം കൊടുത്തു. പിന്നെ യാക്കോബ് റാഹേലിനെ ചുംബിച്ച് ഉച്ചത്തിൽ കരഞ്ഞു. താൻ അവളുടെ പിതാവിന്റെ ബന്ധുവും റിബേക്കയുടെ മകനുമാണെന്ന് യാക്കോബ് അവളോടു പറഞ്ഞു. അവൾ ഓടിച്ചെന്ന് വിവരം പിതാവിനെ അറിയിച്ചു. ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിനെക്കുറിച്ചു കേട്ടയുടനെ അദ്ദേഹത്തെ എതിരേൽക്കാൻ ഓടിച്ചെന്നു. ലാബാൻ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ച് വീട്ടിൽ കൊണ്ടുവന്നു. അവിടെവെച്ച് യാക്കോബ് എല്ലാക്കാര്യങ്ങളും ലാബാനോടു പറഞ്ഞു. അപ്പോൾ ലാബാൻ യാക്കോബിനോട്, “നീ എന്റെ സ്വന്തം മാംസവും രക്തവും ആകുന്നു” എന്നു പറഞ്ഞു.

ഉൽപ്പത്തി 29:1-14 - നുള്ള വീഡിയോ