യിസ്ഹാക്ക് വൃദ്ധനായി; അദ്ദേഹത്തിന്റെ കണ്ണുകൾ മങ്ങി: കാഴ്ച തീരെ ഇല്ലാതായി. അദ്ദേഹം മൂത്തമകനായ ഏശാവിനെ “എന്റെ മോനേ,” എന്നു വിളിച്ചു.
“ഞാൻ ഇതാ” എന്ന് അവൻ ഉത്തരം പറഞ്ഞു.
യിസ്ഹാക്ക് അവനോട്, “ഇതാ ഞാൻ വൃദ്ധനായിരിക്കുന്നു, എന്റെ മരണദിവസം എനിക്ക് അറിഞ്ഞുകൂടാ. നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ ആവനാഴിയും വില്ലും എടുത്ത് വെളിമ്പ്രദേശത്തേക്കു ചെന്ന് എനിക്കുവേണ്ടി വേട്ടയാടുക. എനിക്ക് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി എന്റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അതു ഭക്ഷിച്ച് മരിക്കുന്നതിനുമുമ്പ് നിന്നെ അനുഗ്രഹിക്കാം” എന്നു പറഞ്ഞു.
യിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു സംസാരിക്കുന്നത് റിബേക്ക കേട്ടു. ഏശാവു വേട്ടയാടിക്കൊണ്ടുവരാൻ വെളിമ്പ്രദേശത്തേക്കു പോയപ്പോൾ. റിബേക്ക തന്റെ മകനായ യാക്കോബിനോട് പറഞ്ഞു: “ഇതാ, നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോട്, ‘വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭക്ഷണം തയ്യാറാക്കിത്തരിക, ഞാൻ മരിക്കുന്നതിനുമുമ്പ് യഹോവയുടെ സന്നിധിയിൽ ഞാൻ നിന്നെ അനുഗ്രഹിക്കാം’ എന്നു പറയുന്നതു ഞാൻ കേട്ടു. അതുകൊണ്ട് മകനേ, ഇപ്പോൾ നീ ശ്രദ്ധിച്ചുകേട്ട് ഞാൻ പറയുന്നതുപോലെ ചെയ്യണം. നീ ആട്ടിൻപറ്റത്തിലേക്കു ചെന്ന് നല്ല രണ്ട് ആട്ടിൻകുട്ടികളെ കൊണ്ടുവരണം. ഞാൻ അതുകൊണ്ട് നിന്റെ അപ്പന് ഇഷ്ടപ്പെടുന്നവിധത്തിൽ സ്വാദിഷ്ഠമായ ഭക്ഷണം തയ്യാറാക്കാം. നീ അതു കൊണ്ടുപോയി നിന്റെ അപ്പനു ഭക്ഷിക്കാൻ കൊടുക്കണം; അപ്പൻ അതു തിന്ന് മരണത്തിനുമുമ്പ് നിന്നെ അനുഗ്രഹിക്കും.”
എന്നാൽ, യാക്കോബ് തന്റെ അമ്മയായ റിബേക്കയോട്: “എന്റെ സഹോദരനായ ഏശാവ് രോമം ഉള്ളവനും ഞാൻ രോമം ഇല്ലാത്തവനുമാണ്. അപ്പൻ എന്നെ തൊട്ടുനോക്കിയാൽ എന്തുചെയ്യും? ഞാൻ അദ്ദേഹത്തെ കബളിപ്പിക്കുകയാണെന്നു വരും. അതെനിക്ക് അനുഗ്രഹത്തിനുപകരം ശാപത്തിനു കാരണമാകും” എന്നു പറഞ്ഞു.
അവന്റെ അമ്മ അവനോട്, “എന്റെ മകനേ, ആ ശാപം എന്റെമേൽ വന്നുകൊള്ളട്ടെ; ഞാൻ പറയുന്നതു ചെയ്യുക, നീ ചെന്ന് ആട്ടിൻകുട്ടികളെ കൊണ്ടുവരിക” എന്നു പറഞ്ഞു.
അങ്ങനെ അവൻ പോയി, അവയെ അമ്മയുടെ അടുക്കൽ കൊണ്ടുവന്നു. അവൾ അവന്റെ അപ്പന് ഇഷ്ടപ്പെടുന്നതരത്തിൽ രുചിയുള്ള ഭക്ഷണം തയ്യാറാക്കി. പിന്നെ റിബേക്ക മൂത്തമകൻ ഏശാവിന്റേതായി വീട്ടിൽ സൂക്ഷിച്ചുവെച്ചിരുന്ന ഏറ്റവും നല്ല വസ്ത്രം എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും അവൾ ആട്ടിൻകുട്ടിയുടെ തുകൽകൊണ്ടു മറച്ചു; പിന്നെ താൻ ഉണ്ടാക്കിയിരുന്ന രുചികരമായ ഭക്ഷണവും അപ്പവും ഇളയമകനായ യാക്കോബിനെ ഏൽപ്പിച്ചു.
അങ്ങനെ അവൻ അപ്പന്റെ അടുക്കൽച്ചെന്ന്, “അപ്പാ” എന്നു വിളിച്ചു.
അദ്ദേഹം “മോനേ” എന്നു വിളികേട്ടിട്ട്, “അതാരാകുന്നു?” എന്നു ചോദിച്ചു.
യാക്കോബ് തന്റെ അപ്പനോട്, “ഞാൻ അങ്ങയുടെ ആദ്യജാതനായ ഏശാവാണ്. എന്നോടു പറഞ്ഞതുപോലെ ഞാൻ ചെയ്തിരിക്കുന്നു. എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചിയിൽനിന്ന് ഭക്ഷിച്ച് എന്നെ അനുഗ്രഹിക്കുക.” എന്നു പറഞ്ഞു.
യിസ്ഹാക്ക് തന്റെ മകനോട്, “മോനേ, നിനക്ക് ഇത്ര വേഗത്തിൽ ഇതു കിട്ടിയതെങ്ങനെ?” എന്നു ചോദിച്ചു.
“അങ്ങയുടെ ദൈവമായ യഹോവ അതിനെ എന്റെമുമ്പിൽ എത്തിച്ചു,” എന്ന് അവൻ മറുപടി പറഞ്ഞു.
അപ്പോൾ യിസ്ഹാക്ക് യാക്കോബിനോട്: “മോനേ, അടുത്തുവരൂ, നീ എന്റെ മകനായ ഏശാവുതന്നെയോ എന്നു ഞാൻ തൊട്ടുനോക്കട്ടെ” എന്നു പറഞ്ഞു.
യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ അടുത്തേക്കുചെന്നു. അദ്ദേഹം അവനെ തൊട്ടുകൊണ്ട്: “ശബ്ദം യാക്കോബിന്റേത്; എന്നാൽ, കൈകൾ ഏശാവിന്റേത്” എന്നു പറഞ്ഞു. അവന്റെ കൈകൾ ഏശാവിന്റെ കൈകൾപോലെ രോമം നിറഞ്ഞതായിരുന്നതുകൊണ്ട്, അദ്ദേഹം അവനെ തിരിച്ചറിഞ്ഞില്ല; അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു. “നീ എന്റെ മകനായ ഏശാവുതന്നെയോ?” എന്ന് അദ്ദേഹം ചോദിച്ചു.
“ഞാൻതന്നെ” അവൻ ഉത്തരം പറഞ്ഞു.
“മോനേ, നിന്റെ വേട്ടയിറച്ചിയിൽ കുറെ എനിക്കു തരൂ, ഞാൻ ഭക്ഷിച്ച് നിന്നെ അനുഗ്രഹിക്കട്ടെ,” അദ്ദേഹം പറഞ്ഞു.
യാക്കോബ് അത് പിതാവിന്റെ അടുക്കൽ കൊണ്ടുചെന്നു, അദ്ദേഹം അതു ഭക്ഷിച്ചു. അവൻ വീഞ്ഞും കൊണ്ടുചെന്നു. അതും അദ്ദേഹം പാനംചെയ്തു. പിന്നെ അവന്റെ പിതാവായ യിസ്ഹാക്ക് അവനോട്: “മോനേ, അടുത്തുവന്ന് എന്നെ ചുംബിക്കൂ” എന്നു പറഞ്ഞു.
അവൻ അടുത്തുചെന്ന് അദ്ദേഹത്തെ ചുംബിച്ചു. അവന്റെ വസ്ത്രം മണത്തുനോക്കി യിസ്ഹാക്ക് അവനെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു:
“ഹാ, എന്റെ മകന്റെ സുഗന്ധം
യഹോവ അനുഗ്രഹിച്ച
വയലിന്റെ സുഗന്ധംപോലെ.
ദൈവം നിനക്ക് ആകാശത്തിന്റെ മഞ്ഞും
ഭൂമിയുടെ പുഷ്ടിയും ധാന്യത്തിന്റെയും
പുതുവീഞ്ഞിന്റെയും സമൃദ്ധിയും നൽകട്ടെ.
രാഷ്ട്രങ്ങൾ നിന്നെ സേവിക്കുകയും
ജനതകൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ.
നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്കട്ടെ;
നിന്റെ അമ്മയുടെ പുത്രന്മാർ നിന്നെ നമിക്കട്ടെ.
നിന്നെ ശപിക്കുന്നവർ ശപിക്കപ്പെടട്ടെ;
നിന്നെ അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടട്ടെ.”