അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിനെ സംബന്ധിച്ച വിവരണം: യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ. യിസ്ഹാക്കിനു നാൽപ്പതു വയസ്സായപ്പോൾ അദ്ദേഹം പദ്ദൻ-അരാമിൽ നിന്നുള്ള ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബേക്കയെ വിവാഹംചെയ്തു. യിസ്ഹാക്കിന്റെ ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അദ്ദേഹം അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തിന്റെ പ്രാർഥന കേട്ടു; യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കാ ഗർഭവതിയായി. അവളുടെ ഉള്ളിൽ കുട്ടികൾതമ്മിൽ തിക്കി. അപ്പോൾ അവൾ, “എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് യഹോവയോടു ചോദിക്കാൻ പോയി. യഹോവ അവളോട്: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്. നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും; ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും. മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു. അവളുടെ പ്രസവകാലം സമീപിച്ചു. അവളുടെ ഉദരത്തിൽ ഇരട്ട ആൺകുട്ടികൾ ഉണ്ടായിരുന്നു. ആദ്യം പിറന്നവൻ ചെമപ്പു നിറമുള്ളവനായിരുന്നു. അവന്റെ ദേഹം രോമക്കുപ്പായംപോലെ ആയിരുന്നു; അതുകൊണ്ട്, അവർ അവന് ഏശാവ് എന്നു പേരിട്ടു. അതിന്റെശേഷം അവന്റെ സഹോദരൻ പിറന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചുകൊണ്ടാണു പുറത്തുവന്നത്. അതുകൊണ്ട് അവന് യാക്കോബ് എന്നു പേരിട്ടു. റിബേക്ക ഇവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു. ബാലന്മാർ വളർന്നു; ഏശാവ് വെളിമ്പ്രദേശങ്ങളിൽ ജീവിക്കുന്നവനും സമർഥനായൊരു നായാട്ടുകാരനും ആയിത്തീർന്നു. യാക്കോബാകട്ടെ, കൂടാരങ്ങളിൽ പാർക്കുന്നവനും ശാന്തനും ആയിരുന്നു. നായാട്ടുമാംസത്തിലുള്ള രുചിമൂലം യിസ്ഹാക്ക് ഏശാവിനെ സ്നേഹിച്ചു; റിബേക്കയോ, യാക്കോബിനെ സ്നേഹിച്ചു. ഒരിക്കൽ യാക്കോബ് പായസം പാകപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ ഏശാവ് വെളിമ്പ്രദേശത്തുനിന്ന് വല്ലാതെ വിശന്നു കയറിവന്നു. അവൻ യാക്കോബിനോട്, “വേഗമാകട്ടെ, ആ ചെമന്ന പായസത്തിൽ കുറച്ച് എനിക്കു തരൂ, വല്ലാതെ വിശക്കുന്നു” എന്നു പറഞ്ഞു. ഇക്കാരണത്താലാണ് അവന് ഏദോം എന്നും പേരായത്. അതിന് യാക്കോബ്, “ഒന്നാമത് നിന്റെ ജന്മാവകാശം എനിക്കു വിലയ്ക്കു തരൂ” എന്ന് ഉത്തരം പറഞ്ഞു. “ഞാനാണെങ്കിൽ ഇതാ മരിക്കാൻ തുടങ്ങുകയാണ്. ഈ ജന്മാവകാശംകൊണ്ട് എനിക്കെന്തു പ്രയോജനം?” ഏശാവു പറഞ്ഞു. എന്നാൽ യാക്കോബ്, “ആദ്യം എന്നോടു ശപഥംചെയ്യൂ” എന്നു പറഞ്ഞു. അപ്പോൾ അവൻ തന്റെ ജന്മാവകാശം യാക്കോബിനു വിൽക്കുന്നെന്ന് അവനോടു ശപഥംചെയ്തു. അതിനുശേഷം യാക്കോബ് ഏശാവിന് കുറെ അപ്പവും കുറച്ചു പയറുപായസവും കൊടുത്തു. അവൻ തിന്നുകയും കുടിക്കുകയും ചെയ്തതിനുശേഷം എഴുന്നേറ്റ് സ്ഥലംവിട്ടു. അങ്ങനെ ഏശാവ് തന്റെ ജന്മാവകാശത്തോട് അനാദരവുകാട്ടി.
ഉൽപ്പത്തി 25 വായിക്കുക
കേൾക്കുക ഉൽപ്പത്തി 25
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 25:19-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ