അപ്പോൾ ദൈവം “നിന്റെ മകനെ, നീ സ്നേഹിക്കുന്ന, നിന്റെ ഏകപുത്രനായ യിസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മോരിയാദേശത്തേക്കു പോകുക. അവിടെ ഞാൻ നിന്നോടു കൽപ്പിക്കുന്ന മലയിൽ അവനെ ഹോമയാഗമായി അർപ്പിക്കുക” എന്ന് അരുളിച്ചെയ്തു. അബ്രാഹാം പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു. ദാസന്മാരിൽ രണ്ടുപേരെയും തന്റെ മകനായ യിസ്ഹാക്കിനെയുംകൂട്ടി ഹോമയാഗത്തിനുവേണ്ട വിറകും കീറിയെടുത്ത്, ദൈവം തന്നോടു നിർദേശിച്ച സ്ഥലത്തേക്കു യാത്രയായി. മൂന്നാംദിവസം അബ്രാഹാം തലയുയർത്തിനോക്കിയപ്പോൾ ആ സ്ഥലം ദൂരെയായി കണ്ടു. അദ്ദേഹം വേലക്കാരോട്: “ഞാനും ബാലനും ആ സ്ഥലത്തുചെന്ന് ആരാധന നടത്തി തിരിച്ചെത്തുന്നതുവരെ നിങ്ങൾ കഴുതയുമായി ഇവിടെ താമസിക്കുക” എന്നു പറഞ്ഞു. അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽവെച്ചു; താൻതന്നെ തീയും കത്തിയും എടുത്തു. ഇരുവരും ഒരുമിച്ചു നടന്നു. യിസ്ഹാക്ക് തന്റെ പിതാവായ അബ്രാഹാമിനെ “അപ്പാ” എന്നു വിളിച്ചു. “എന്താകുന്നു, മകനേ,” അബ്രാഹാം ചോദിച്ചു. “തീയും വിറകും ഉണ്ട്; എന്നാൽ ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടി എവിടെ?” യിസ്ഹാക്ക് ചോദിച്ചു. അതിന് അബ്രാഹാം: “ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെ ദൈവംതന്നെ കരുതും, മകനേ” എന്ന് ഉത്തരം പറഞ്ഞു. ഇരുവരും ഒരുമിച്ചു മുന്നോട്ടുപോയി. ദൈവം നിർദേശിച്ച സ്ഥലത്തെത്തിയപ്പോൾ അബ്രാഹാം അവിടെ ഒരു യാഗപീഠം ഉണ്ടാക്കി; അതിന്മേൽ വിറകടുക്കി. തന്റെ മകനായ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിനുമീതേ കിടത്തി. പിന്നെ അബ്രാഹാം കൈനീട്ടി തന്റെ മകനെ അറക്കാൻ കത്തിയെടുത്തു. എന്നാൽ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്, “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു. “ഞാൻ ഇതാ.” അദ്ദേഹം വിളികേട്ടു. ദൂതൻ അരുളിച്ചെയ്തു: “ബാലന്റെമേൽ കൈവെക്കരുത്. അവന് ഒരു ദോഷവും ചെയ്യരുത്. നിന്റെ മകനെ, നിനക്കുള്ള ഒരേയൊരു മകനെ എനിക്കു തരാൻ മടിക്കാതിരുന്നതുകൊണ്ടു, നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.” അബ്രാഹാം തലയുയർത്തിനോക്കി; തന്റെ പിന്നിൽ കൊമ്പ് കുറ്റിക്കാട്ടിൽ ഉടക്കിക്കിടക്കുന്ന ഒരു ആട്ടുകൊറ്റനെ കണ്ടു. അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ എടുത്ത്, തന്റെ പുത്രനു പകരം ഹോമയാഗം അർപ്പിച്ചു. അബ്രാഹാം ആ സ്ഥലത്തിന് “യഹോവയിരേ” എന്നു പേരിട്ടു. ജനം “യഹോവയുടെ പർവതത്തിൽ അവിടന്ന് കരുതിക്കൊള്ളും” എന്നത് ഒരു പഴഞ്ചൊല്ലായി ഇന്നുവരെയും പറഞ്ഞുപോരുന്നു.
ഉൽപ്പത്തി 22 വായിക്കുക
കേൾക്കുക ഉൽപ്പത്തി 22
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 22:2-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ