ഈജിപ്റ്റുകാരിയായ ഹാഗാറിൽ അബ്രാഹാമിനു ജനിച്ച മകൻ, തന്റെ മകനായ യിസ്ഹാക്കിനെ പരിഹസിക്കുന്നതായി സാറാ കണ്ടു. അവൾ അബ്രാഹാമിനോട്, “ആ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കുമായി ഒരിക്കലും ഓഹരി പങ്കിടാതിരിക്കേണ്ടതിന് ആ ദാസിയെയും അവളുടെ മകനെയും പുറത്താക്കിക്കളയണം” എന്നു പറഞ്ഞു. യിശ്മായേൽ തന്റെ മകൻ ആയതുകൊണ്ട്, ഈ കാര്യം അബ്രാഹാമിനെ വളരെയധികം അസ്വസ്ഥനാക്കി. എന്നാൽ ദൈവം അബ്രാഹാമിനോടു പറഞ്ഞു, “ബാലനെയും ദാസിയെയും സംബന്ധിച്ച് വ്യാകുലപ്പെടരുത്. സാറ നിന്നോടു പറയുന്നതെന്തും ശ്രദ്ധയോടെ കേൾക്കുക. കാരണം, ‘യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും.’ ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കിത്തീർക്കും; കാരണം അവൻ ഉത്ഭവിച്ചതും നിന്നിൽനിന്നാണല്ലോ.” പിറ്റേദിവസം അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, കുറെ ഭക്ഷണവും ഒരു തുകൽക്കുടം നിറയെ വെള്ളവും എടുത്തു ഹാഗാറിനു കൊടുത്തു. അദ്ദേഹം അത് അവളുടെ തോളിൽ വെച്ചുകൊടുത്തിട്ട് അവളെയും കുട്ടിയെയും പറഞ്ഞയച്ചു. അവൾ യാത്രചെയ്ത് ബേർ-ശേബാ മരുഭൂമിയിലെത്തി അലഞ്ഞുനടന്നു. കുടത്തിലെ വെള്ളം തീർന്നപ്പോൾ അവൾ ബാലനെ ഒരു കുറ്റിച്ചെടിയുടെ ചുവട്ടിലാക്കി. പിന്നെ അവൾ പോയി, ഏകദേശം ഒരു അമ്പിൻപാട് അകലെ ഇരുന്നു. “ബാലൻ മരിക്കുന്നത് എനിക്കു കാണാൻ വയ്യ” എന്നു പറഞ്ഞുകൊണ്ട് അവനെതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു. ദൈവം കുട്ടിയുടെ കരച്ചിൽ കേട്ടു; ദൈവദൂതൻ ആകാശത്തുനിന്ന് ഹാഗാറിനെ വിളിച്ച് അവളോട്, “ഹാഗാറേ, നിനക്കെന്തുപറ്റി? ഭയപ്പെടേണ്ട, ബാലൻ കിടക്കുന്നിടത്തുനിന്നുള്ള അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്ന് ബാലനെ താങ്ങി എഴുന്നേൽപ്പിച്ചുകൊൾക; ഞാൻ അവനെ വലിയൊരു ജനതയാക്കും” എന്ന് അരുളിച്ചെയ്തു. പിന്നെ ദൈവം അവളുടെ കണ്ണ് തുറന്നു; അവളൊരു നീരുറവ കണ്ടു. അവൾ ചെന്നു കുടത്തിൽ വെള്ളം നിറച്ചുകൊണ്ടുവന്നു ബാലനു കുടിക്കാൻ കൊടുത്തു.
ഉൽപ്പത്തി 21 വായിക്കുക
കേൾക്കുക ഉൽപ്പത്തി 21
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 21:9-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ