ഗലാത്യർ 5:17-24

ഗലാത്യർ 5:17-24 MCV

പാപാസക്തി ദൈവാത്മാഭിലാഷത്തിനും ദൈവാത്മാഭിലാഷം പാപാസക്തിക്കും വിരുദ്ധമാണ്. ഇവ പരസ്പരം ശത്രുക്കളാണ്; അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നുമില്ല. നിങ്ങൾ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിന് അധീനരല്ല. മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്. എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല. എന്നാൽ, ക്രിസ്തുയേശുവിനുള്ളവർ മനുഷ്യസഹജമായ പ്രവൃത്തികളെ അതിന്റെ എല്ലാവിധ ഭോഗവിലാസങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നു.