ഗലാത്യർ 3:19-26

ഗലാത്യർ 3:19-26 MCV

പിന്നെ എന്തിനാണ് ന്യായപ്രമാണം നൽകുകതന്നെ ചെയ്തത്? ലംഘനങ്ങൾ എന്താണെന്നുള്ളത് വ്യക്തമാക്കാനാണ് ന്യായപ്രമാണം കൂട്ടിച്ചേർക്കപ്പെട്ടത്. ഇത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സന്തതിയുടെ വരവുവരെമാത്രവുമാണ്. ഈ നിയമം ദൂതന്മാരിലൂടെ ഒരു മധ്യസ്ഥന്റെ പക്കൽ ഏൽപ്പിച്ചിട്ടുള്ളതാണ്. ഒന്നിലധികം വ്യക്തികൾ ഉണ്ടെങ്കിൽമാത്രമേ ഒരു മധ്യസ്ഥന്റെ ആവശ്യമുള്ളു; എന്നാൽ ദൈവം ഏകനല്ലോ. അങ്ങനെയെങ്കിൽ ന്യായപ്രമാണം ദൈവികവാഗ്ദാനങ്ങൾക്ക് എതിരാണോ? ഒരിക്കലും അല്ല. ന്യായപ്രമാണം ജീവൻ പ്രദാനംചെയ്യാൻ കഴിവുള്ളത് ആയിരുന്നു എങ്കിൽ ന്യായപ്രമാണംമുഖേന നീതീകരണം തീർച്ചയായും ലഭ്യമാകുമായിരുന്നു. എന്നാൽ സകലതും പാപത്തിന്റെ തടവറയിലാണെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. ഇത് യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും വിശ്വാസത്താൽ വാഗ്ദാനങ്ങൾ ലഭ്യമാക്കേണ്ടതിനു വേണ്ടിയാണ്. വിശ്വാസം നമ്മിൽ ആവിർഭവിക്കുന്നതിനുമുമ്പ് നാം ന്യായപ്രമാണത്തിന്റെ നിയന്ത്രണത്തിലായിരുന്നു. വരാനിരുന്ന വിശ്വാസം വെളിപ്പെട്ടതുവരെ നാം ഈ ബന്ധനത്തിൽത്തന്നെ ആയിരുന്നു. നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു സംരക്ഷകനായിരുന്നു ന്യായപ്രമാണം. വിശ്വാസം വന്നുചേർന്നതിനാൽ, നാം ഇനി ആ സംരക്ഷകന്റെ കീഴിലേ അല്ല. ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നിങ്ങളെല്ലാവരും ദൈവപുത്രന്മാർ ആകുന്നു.