പുറപ്പാട് 4:1-10

പുറപ്പാട് 4:1-10 MCV

അതിന് മോശ, “അവർ എന്നെ വിശ്വസിക്കുകയോ എന്റെ വാക്കു കേൾക്കുകയോ ചെയ്യാതെ ‘യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല’ എന്നു പറയും” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യഹോവ അവനോട്, “നിന്റെ കൈയിലിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. “ഒരു വടി,” അവൻ ഉത്തരം പറഞ്ഞു. “അതു നിലത്തിടുക,” എന്ന് യഹോവ കൽപ്പിച്ചു. മോശ അതു നിലത്തിട്ടു. അതൊരു പാമ്പായിത്തീർന്നു. അവൻ അതിന്റെ അടുത്തുനിന്ന് ഓടിമാറി. പിന്നെ യഹോവ അവനോട്, “നീ കൈനീട്ടി അതിനെ വാലിൽ പിടിച്ച് എടുക്കുക” എന്നു കൽപ്പിച്ചു. അപ്പോൾ മോശ കൈനീട്ടി പാമ്പിനെ പിടിച്ചു; അത് അവന്റെ കൈയിൽ വീണ്ടും വടിയായിത്തീർന്നു. “ഇത്, അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—നിനക്കു പ്രത്യക്ഷനായിരിക്കുന്നു എന്ന് അവർ വിശ്വസിക്കേണ്ടതിനുതന്നെ,” എന്നു ദൈവം അരുളിച്ചെയ്തു. ഇതിനുശേഷം യഹോവ, “നിന്റെ കൈ മാറിടത്തിൽ വെക്കുക” എന്നു കൽപ്പിച്ചു. മോശ കൈ മാറിടത്തിൽ വെച്ചു; അവൻ അതു പുറത്തെടുത്തപ്പോൾ അതു ഹിമംപോലെ വെളുത്തു കുഷ്ഠം ബാധിച്ചിരുന്നു. “നീ അതു വീണ്ടും മാറിടത്തിൽ വെക്കുക,” എന്ന് അവിടന്നു കൽപ്പിച്ചു. മോശ വീണ്ടും തന്റെ കൈ മാറിടത്തിൽ വെച്ചു. അത് അവൻ പുറത്തെടുത്തപ്പോൾ, തന്റെ മറ്റു ശരീരഭാഗങ്ങളെന്നപോലെ പൂർവസ്ഥിതിയിലായി. തുടർന്ന് യഹോവ അരുളിച്ചെയ്തു, “അവർ നിന്നെ വിശ്വസിക്കാതിരിക്കുകയോ ഒന്നാമത്തെ അത്ഭുതചിഹ്നം ഗൗനിക്കാതിരിക്കുകയോ ചെയ്താൽ രണ്ടാമത്തേതിൽ വിശ്വസിച്ചേക്കും. എന്നാൽ ഈ രണ്ട് അത്ഭുതചിഹ്നങ്ങളിലും അവർ വിശ്വസിക്കാതിരിക്കുകയോ നിന്റെ വാക്കു കേൾക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ, നീ നൈൽനദിയിൽനിന്ന് വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കണം. നീ നദിയിൽനിന്ന് എടുക്കുന്ന വെള്ളം നിലത്ത് രക്തമായിത്തീരും.” മോശ യഹോവയോട്, “കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിച്ചാലും; അടിയൻ മുമ്പുതന്നെയോ, അവിടന്ന് അടിയനോടു സംസാരിച്ചതിനുശേഷമോ ഒരിക്കലും വാക്ചാതുര്യമുള്ളവനായിരുന്നിട്ടില്ല. അടിയൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു.

പുറപ്പാട് 4:1-10 - നുള്ള വീഡിയോ