പുറപ്പാട് 14:10-18

പുറപ്പാട് 14:10-18 MCV

ഫറവോൻ സമീപിച്ചപ്പോൾ ഇസ്രായേല്യർ തലയുയർത്തിനോക്കി. ഈജിപ്റ്റുകാർ അവർക്കു പിന്നാലെ വരുന്നതു കണ്ടു. ഇസ്രായേൽമക്കൾ ഭയപ്പെട്ട് യഹോവയോടു നിലവിളിച്ചു. അവർ മോശയോട്, “ഈജിപ്റ്റിൽ ശവക്കുഴികൾ ഇല്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരിക്കാൻ മരുഭൂമിയിൽ കൊണ്ടുവന്നത്? ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചിട്ട്, നീ ഞങ്ങളോട് ഈ ചെയ്തതെന്ത്? ‘ഞങ്ങളെ വെറുതേവിട്ടേക്കുക, ഞങ്ങൾ ഈജിപ്റ്റുകാരെ സേവിച്ചുകൊള്ളാം’ എന്ന് ഈജിപ്റ്റിൽവെച്ചു നിന്നോടു ഞങ്ങൾ പറഞ്ഞില്ലേ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ ഈജിപ്റ്റുകാർക്കുവേണ്ടി പണിയെടുക്കുന്നതായിരുന്നു ഞങ്ങൾക്കു നല്ലത്” എന്നു പറഞ്ഞു. അതിന് മോശ ജനത്തോട് ഇങ്ങനെ ഉത്തരം പറഞ്ഞു, “ഭയപ്പെടരുത്, സ്ഥിരതയോടെ നിൽക്കുക. യഹോവ ഇന്നു നിങ്ങൾക്കു നൽകുന്ന വിടുതൽ കണ്ടുകൊള്ളുക. നിങ്ങൾ ഇന്നു കാണുന്ന ഈജിപ്റ്റുകാരെ ഇനിയൊരിക്കലും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ ശാന്തരായിരിക്കുക.” ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തത്, “നീ എന്നോടു നിലവിളിക്കുന്നതെന്ത്? മുമ്പോട്ടുപോകാൻ ജനങ്ങളോടു പറയുക. ഇസ്രായേൽമക്കൾക്കു സമുദ്രത്തിന്റെ ഉണങ്ങിയ നിലത്തുകൂടി പോകാൻ സാധിക്കത്തക്കവണ്ണം നിന്റെ വടി ഉയർത്തി കടലിന്മേൽ കൈനീട്ടി വെള്ളത്തെ വിഭജിക്കുക. ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കുകയും അവർ അവരുടെ പിന്നാലെ ചെല്ലുകയും ചെയ്യും. ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും രഥങ്ങളിലൂടെയും കുതിരപ്പടയിലൂടെയും ഞാൻ മഹത്ത്വം നേടുമ്പോൾ, ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.”

പുറപ്പാട് 14:10-18 - നുള്ള വീഡിയോ