ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തത്, “നിങ്ങൾ തിരിഞ്ഞു മിഗ്ദോലിനും കടലിനും ഇടയ്ക്കുള്ള പീ-ഹഹീരോത്തിൽ പാളയമടിക്കണമെന്ന് ഇസ്രായേൽമക്കളോടു പറയുക. അവർ ബാൽ-സെഫോനുനേരേ എതിർവശത്തു കടലിനരികെ താവളമടിക്കണം. ‘ഇസ്രായേല്യർ മരുഭൂമിയിൽ കുടുങ്ങി, വഴിയറിയാതെ ദേശത്തെല്ലാം അലഞ്ഞുതിരിയുകയാണ്’ എന്നു ഫറവോൻ ചിന്തിക്കും. ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കുകയും അവൻ അവരെ പിൻതുടരുകയും ചെയ്യും. എന്നാൽ ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തും; ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.” ആകയാൽ ഇസ്രായേല്യർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയിരിക്കുന്നു എന്ന് ഈജിപ്റ്റിലെ രാജാവ് കേട്ടപ്പോൾ ഫറവോനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അവരോടുള്ള മനോഭാവം മാറ്റി, “നാം ഈ ചെയ്തതെന്ത്? നമ്മുടെ അടിമവേലയിൽനിന്ന് ഇസ്രായേല്യരെ വിട്ടയച്ചല്ലോ” എന്ന് അവർ പറഞ്ഞു. അങ്ങനെ ഫറവോൻ തന്റെ രഥം സജ്ജമാക്കി, സൈന്യത്തെയും തന്നോടൊപ്പം അണിനിരത്തി. ഈജിപ്റ്റിലെ സകലരഥങ്ങളോടുംകൂടെ, ഏറ്റവും മികച്ച അറുനൂറു രഥങ്ങളെയും അവയിൽ എല്ലാറ്റിലും തേരാളികളെയും അദ്ദേഹം ഒരുക്കി. യഹോവ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതുകൊണ്ട്, യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്ന ഇസ്രായേൽജനത്തെ അയാൾ പിൻതുടർന്നു. ഈജിപ്റ്റുകാർ—ഫറവോന്റെ സകലകുതിരകളും രഥങ്ങളും കുതിരപ്പടയും സൈന്യവും—ഇസ്രായേല്യരെ പിൻതുടരുകയും ബാൽ-സെഫോന് എതിരേ, പീ-ഹഹീരോത്തിനടുത്ത്, കടൽക്കരയിൽ പാളയമടിച്ചിരുന്ന അവരെ മറികടക്കുകയും ചെയ്തു. ഫറവോൻ സമീപിച്ചപ്പോൾ ഇസ്രായേല്യർ തലയുയർത്തിനോക്കി. ഈജിപ്റ്റുകാർ അവർക്കു പിന്നാലെ വരുന്നതു കണ്ടു. ഇസ്രായേൽമക്കൾ ഭയപ്പെട്ട് യഹോവയോടു നിലവിളിച്ചു. അവർ മോശയോട്, “ഈജിപ്റ്റിൽ ശവക്കുഴികൾ ഇല്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരിക്കാൻ മരുഭൂമിയിൽ കൊണ്ടുവന്നത്? ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചിട്ട്, നീ ഞങ്ങളോട് ഈ ചെയ്തതെന്ത്? ‘ഞങ്ങളെ വെറുതേവിട്ടേക്കുക, ഞങ്ങൾ ഈജിപ്റ്റുകാരെ സേവിച്ചുകൊള്ളാം’ എന്ന് ഈജിപ്റ്റിൽവെച്ചു നിന്നോടു ഞങ്ങൾ പറഞ്ഞില്ലേ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ ഈജിപ്റ്റുകാർക്കുവേണ്ടി പണിയെടുക്കുന്നതായിരുന്നു ഞങ്ങൾക്കു നല്ലത്” എന്നു പറഞ്ഞു. അതിന് മോശ ജനത്തോട് ഇങ്ങനെ ഉത്തരം പറഞ്ഞു, “ഭയപ്പെടരുത്, സ്ഥിരതയോടെ നിൽക്കുക. യഹോവ ഇന്നു നിങ്ങൾക്കു നൽകുന്ന വിടുതൽ കണ്ടുകൊള്ളുക. നിങ്ങൾ ഇന്നു കാണുന്ന ഈജിപ്റ്റുകാരെ ഇനിയൊരിക്കലും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ ശാന്തരായിരിക്കുക.”
പുറപ്പാട് 14 വായിക്കുക
കേൾക്കുക പുറപ്പാട് 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 14:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ