പുറപ്പാട് 10:16-29

പുറപ്പാട് 10:16-29 MCV

ഫറവോൻ മോശയെയും അഹരോനെയും പെട്ടെന്നു വരുത്തി അവരോടു പറഞ്ഞു: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും പാപംചെയ്തിരിക്കുന്നു. എന്റെ പാപം ഈ ഒരു പ്രാവശ്യംകൂടി ക്ഷമിക്കുക; മാരകമായ ഈ ബാധ എന്നിൽനിന്ന് അകറ്റിക്കളയാൻ നിങ്ങളുടെ ദൈവമായ യഹോവയോട് അപേക്ഷിക്കണം.” മോശ ഫറവോന്റെ അടുക്കൽനിന്നുപോയി യഹോവയോടു പ്രാർഥിച്ചു. യഹോവ അതിശക്തമായ ഒരു പടിഞ്ഞാറൻ കാറ്റു വരുത്തി; അതു വെട്ടുക്കിളികളെ കൊണ്ടുപോയി ചെങ്കടലിൽ എറിഞ്ഞു. ഈജിപ്റ്റിൽ ഒരിടത്തും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി, അദ്ദേഹം ഇസ്രായേൽമക്കളെ വിട്ടയച്ചില്ല. അപ്പോൾ യഹോവ മോശയോട്, “സ്പർശിക്കത്തക്ക കൂരിരുൾ ഈജിപ്റ്റുദേശത്തു മൂടേണ്ടതിനു നീ ആകാശത്തേക്കു കൈനീട്ടുക” എന്ന് അരുളിച്ചെയ്തു. അതനുസരിച്ചു മോശ ആകാശത്തേക്കു കൈനീട്ടി, കനത്ത ഇരുട്ട് ഈജിപ്റ്റിനെ മൂന്നുദിവസത്തേക്കു നിശ്ശേഷം മറച്ചു. ആർക്കും ആരെയും കാണാനോ സ്വസ്ഥാനം വിട്ടുപോകാനോ കഴിയാതായി. എങ്കിലും ഇസ്രായേൽമക്കളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. അപ്പോൾ ഫറവോൻ മോശയെ വരുത്തി, “പോയി യഹോവയെ ആരാധിക്കുക. നിങ്ങളുടെ ഭാര്യമാരും കുട്ടികളും നിങ്ങളുടെകൂടെ പോരട്ടെ; നിങ്ങളുടെ ആട്ടിൻപറ്റങ്ങളും കന്നുകാലികളുംമാത്രം ഇവിടെ നിൽക്കട്ടെ” എന്നു പറഞ്ഞു. അതിന് മോശ ഉത്തരം പറഞ്ഞു: “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങളും ഹോമയാഗങ്ങളും അർപ്പിക്കാൻ അങ്ങു ഞങ്ങളെ അനുവദിക്കണം. ഞങ്ങളുടെ സകലമൃഗങ്ങളെയുംകൂടെ കൊണ്ടുപോകണം; ഒരു കുളമ്പുപോലും പിന്നിൽ ശേഷിച്ചുകൂടാ. ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിന് അവയിൽ ചിലതിനെ ഉപയോഗിക്കേണ്ടതുണ്ട്. തന്നെയുമല്ല, യഹോവയെ ആരാധിക്കാൻ എന്താണ് ഉപയോഗിക്കേണ്ടതെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നുമില്ല.” എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി, അവരെ വിട്ടയയ്ക്കാൻ അയാൾക്കു സമ്മതമായിരുന്നില്ല. ഫറവോൻ മോശയോട്, “കടന്നുപോകൂ എന്റെ മുന്നിൽനിന്ന്! ഇനി എന്റെമുമ്പിൽ വരികയേ അരുത്. എന്റെ മുഖം കാണുന്ന ദിവസം നീ മരിക്കും” എന്നു പറഞ്ഞു. അതിന് മോശ, “താങ്കൾ പറയുന്നതുപോലെതന്നെ ആകട്ടെ. ഇനി ഒരിക്കലും ഞാൻ അങ്ങയുടെ മുഖം കാണുകയില്ല” എന്ന് ഉത്തരം പറഞ്ഞു.

പുറപ്പാട് 10:16-29 - നുള്ള വീഡിയോ