പുറപ്പാട് 1:15-22

പുറപ്പാട് 1:15-22 MCV

ഈജിപ്റ്റുരാജാവ് എബ്രായസൂതികർമിണികളായ ശിപ്രാ, പൂവാ എന്നിവരോട്, “നിങ്ങൾ എബ്രായസ്ത്രീകളെ പ്രസവവേളയിൽ പരിചരിക്കയും അവരെ പ്രസവക്കിടക്കയിൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ കുട്ടി ആണാണെങ്കിൽ അതിനെ കൊന്നുകളയുകയും പെണ്ണാണെങ്കിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്യണം” എന്നു കൽപ്പിച്ചു. ആ സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്, ഈജിപ്റ്റുരാജാവ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചില്ല; ആൺകുട്ടികളെ അവർ ജീവനോടെ രക്ഷിച്ചു. ഇതറിഞ്ഞ ഈജിപ്റ്റുരാജാവ് അവരെ ആളയച്ചുവരുത്തി അവരോട്, “നിങ്ങൾ ഇങ്ങനെ ചെയ്തതെന്ത്? ആൺകുട്ടികളുടെ ജീവൻ രക്ഷിക്കുന്നത് എന്തിന്?” എന്ന് ആരാഞ്ഞു. സൂതികർമിണികൾ ഫറവോനോട്, “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെയല്ല; അവർ ചുറുചുറുക്കുള്ളവരാണ്; സൂതികർമിണികൾ എത്തുന്നതിനുമുമ്പുതന്നെ അവർ പ്രസവിച്ചുകഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു. അതുകൊണ്ടു ദൈവം ആ സൂതികർമിണികളോടു കരുണ കാണിച്ചു; ഇസ്രായേൽജനം പെരുകുകയും എണ്ണത്തിൽ പ്രബലരായിത്തീരുകയും ചെയ്തു. സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടതുകൊണ്ട് അവിടന്ന് അവർക്കും കുടുംബവർധന നൽകി. പിന്നെ ഫറവോൻ തന്റെ സകലജനങ്ങളോടും, “എബ്രായർക്കു ജനിക്കുന്ന എല്ലാ ആൺകുട്ടികളെയും നിങ്ങൾ നൈൽനദിയിൽ എറിഞ്ഞുകളയണം; പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കുക” എന്നു കൽപ്പിച്ചു.

പുറപ്പാട് 1:15-22 - നുള്ള വീഡിയോ