സഭാപ്രസംഗി 10:1-9

സഭാപ്രസംഗി 10:1-9 MCV

ചത്ത ഈച്ച സുഗന്ധതൈലത്തിനു ദുർഗന്ധം വരുത്തുന്നതുപോലെ അൽപ്പഭോഷത്വം ജ്ഞാനത്തെയും ബഹുമാനത്തെയും നഷ്ടപ്പെടുത്തുന്നു. ജ്ഞാനിയുടെ ഹൃദയം വലത്തേക്കു ചായുന്നു, എന്നാൽ ഭോഷരുടെ ഹൃദയം ഇടത്തേക്കും. വഴിയേ നടക്കുമ്പോൾപോലും ഭോഷർക്ക് യുക്തി കുറഞ്ഞുപോകുകയും താൻ ഒരു വിഡ്ഢിയാണെന്ന് എല്ലാവരുടെയും മുമ്പിൽ തെളിയിക്കുകയും ചെയ്യുന്നു. ഒരു ഭരണാധിപന്റെ ക്രോധം നിനക്കെതിരേ ഉയരുന്നെങ്കിൽ നിന്റെ പദവി നീ ഉപേക്ഷിക്കരുത്; പല തെറ്റുകളെയും അടക്കാൻ ശാന്തതയ്ക്കു കഴിയും. സൂര്യനുകീഴിൽ ഞാൻ ഒരു തിന്മ കണ്ടു, ഭരണാധിപരിൽനിന്നുമുണ്ടാകുന്ന ഒരുതരം തെറ്റുതന്നെ: ഭോഷരെ ഉന്നതപദവികളിൽ വെക്കുകയും കാര്യശേഷിയുള്ളവർക്ക് താണപദവികൾ നൽകുകയുംചെയ്യുന്നു. അടിമകൾ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ അടിമകളെപ്പോലെ കാൽനടയായി പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്. കുഴി കുഴിക്കുന്നവർ അതിൽത്തന്നെ വീഴുന്നു; മതിൽ പൊളിക്കുന്നവരെ പാമ്പു കടിക്കുന്നു. പാറമടയിൽ ജോലിചെയ്യുന്നവർക്ക് അവയാൽ മുറിവുണ്ടാകാം; വിറകു കീറുന്നവർക്ക് അവയാൽ ആപത്തുമുണ്ടാകാം.