ആവർത്തനം 4:5-14

ആവർത്തനം 4:5-14 MCV

നോക്കുക, എന്റെ ദൈവമായ യഹോവ എന്നോടു കൽപ്പിച്ചതുപോലെ, നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തു ചെല്ലുമ്പോൾ അനുസരിച്ചു ജീവിക്കുന്നതിനുള്ള ഉത്തരവുകളും പ്രമാണങ്ങളും ഞാൻ നിങ്ങളോട് ഉപദേശിച്ചിരിക്കുന്നു. നിങ്ങൾ അവ സസൂക്ഷ്മം പാലിക്കണം. നിങ്ങൾക്കു ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങൾക്കുള്ള ജ്ഞാനവും വിവേകവും അതാണ്. അവർ ഈ ഉത്തരവുകളെല്ലാം കേട്ടിട്ട്, “ഉറപ്പായും ഈ ശ്രേഷ്ഠജനത ജ്ഞാനവും വിവേകവും ഉള്ളവർതന്നെ” എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോട് നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടന്ന് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ഇത്രവേഗം സഹായത്തിനായെത്തുന്ന ഒരു ദൈവമുള്ള ശ്രേഷ്ഠജനത വേറെ ഏതാണുള്ളത്? ഞാൻ ഇന്നു നിങ്ങൾക്ക് നൽകിയ ഒരുകൂട്ടം നിയമങ്ങൾപോലെ നീതിയുള്ള ഉത്തരവുകളും നിയമങ്ങളുമുള്ള ശ്രേഷ്ഠജനത വേറെ ഏതാണുള്ളത്? നിങ്ങൾ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കാതിരിക്കാനും അവ ജീവിതകാലത്ത് ഒരിക്കൽപോലും നിങ്ങളുടെ ഹൃദയത്തിൽനിന്നു മാഞ്ഞുപോകാതിരിക്കാനും നിങ്ങളെത്തന്നെ സൂക്ഷ്മതയോടെ കാത്തുകൊള്ളണം. നിങ്ങളുടെ മക്കളോടും അവരുടെ മക്കളോടും അവ ഉപദേശിക്കണം. ഹോരേബിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം ഓർത്തുകൊള്ളണം. അന്ന് യഹോവ എന്നോട്, “ജനത്തെ എന്റെ സന്നിധിയിൽ വിളിച്ചുകൂട്ടുക, ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും. അവർ ഭൂമിയിൽ ജീവിക്കുന്ന നാളുകളെല്ലാം എന്നെ ഭയപ്പെടാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കൽപ്പിച്ചു. അന്ധതമസ്സും കൂരിരുട്ടും പർവതത്തെ മൂടുകയും പർവതത്തിൽ ആകാശമധ്യത്തോളം തീ കത്തിജ്വലിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾത്തന്നെ നിങ്ങൾ പർവതത്തിന്റെ താഴ്വരയിൽ ഒരുമിച്ചുകൂടിവന്നു. അപ്പോൾ യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ചു. നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു, എന്നാൽ രൂപം ഒന്നും കണ്ടില്ല; അവിടെ ശബ്ദംമാത്രമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന് നിങ്ങളോടു കൽപ്പിച്ച പത്ത് കൽപ്പന എന്ന അവിടത്തെ ഉടമ്പടി അവിടന്ന് നിങ്ങളെ അറിയിച്ചു; രണ്ടു ശിലാഫലകങ്ങളിൽ അവ എഴുതുകയും ചെയ്തു. കൂടാതെ നിങ്ങൾ യോർദാൻനദിക്കക്കരെ അവകാശമാക്കാൻ ചെല്ലുന്ന ദേശത്ത് ജീവിക്കുമ്പോൾ അനുസരിക്കുന്നതിനുള്ള ഉത്തരവുകളും നിയമങ്ങളും നിങ്ങളോട് ഉപദേശിക്കണമെന്ന് യഹോവ അക്കാലത്ത് എന്നോടു കൽപ്പിച്ചിരുന്നു.