ആകാശമേ, ശ്രദ്ധിക്കുക, ഞാൻ സംസാരിക്കാം; ഭൂമിയേ, എന്റെ അധരത്തിലെ വചനങ്ങൾ ശ്രവിക്കുക. എന്റെ ഉപദേശം മഴപോലെ വർഷിക്കട്ടെ, എന്റെ വചനങ്ങൾ മഞ്ഞുപോലെ പൊഴിയട്ടെ, ഇളം പുല്ലിന്മേൽ ചാറ്റൽമഴപോലെ, തളിർചെടികളിൽ മാരിപോലെ. ഞാൻ യഹോവയുടെ നാമം ഘോഷിക്കും. നമ്മുടെ ദൈവത്തിന്റെ മഹത്ത്വത്തെ പുകഴ്ത്തുക! അവിടന്ന് പാറയാകുന്നു, അവിടത്തെ പ്രവൃത്തികൾ തികവുള്ളവയും, അവിടത്തെ എല്ലാ വഴികളും നീതിയുള്ളവയും ആകുന്നു. അവിടന്ന് തിന്മ പ്രവർത്തിക്കാത്ത വിശ്വസ്തനായ ദൈവം ആകുന്നു, അവിടന്ന് സത്യസന്ധനും നീതിമാനും ആകുന്നു. അവിടത്തെ ജനം അവിടത്തേക്കെതിരേ വഷളത്തം പ്രവർത്തിച്ചു; കാരണം അവർ അവിടത്തെ മക്കളല്ല; അവർ കാപട്യവും വഞ്ചനയും നിറഞ്ഞ നിർലജ്ജരായ തലമുറയാണ്. ബുദ്ധിയില്ലാത്ത ഭോഷരേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പ്രതിഫലം കൊടുക്കുന്നത്? അവിടന്നല്ലോ നിന്റെ പിതാവും നിന്റെ സ്രഷ്ടാവും; നിന്നെ സൃഷ്ടിച്ചതും മെനഞ്ഞതും അവിടന്നല്ലയോ? പൂർവകാലങ്ങളെ ഓർക്കുക; പിൻതലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക. നിന്റെ പിതാവിനോടു ചോദിക്കുക, അവൻ നിന്നോടു പറയും, നിന്റെ ഗോത്രത്തലവന്മാരോടു ചോദിക്കുക, അവർ നിന്നോടു വിശദീകരിക്കും. പരമോന്നതൻ ജനതകൾക്ക് അവരുടെ ഓഹരി നൽകിയപ്പോൾ, അവിടന്ന് മനുഷ്യവർഗത്തെ വേർതിരിച്ചപ്പോൾ, ഇസ്രായേൽമക്കളുടെ എണ്ണം അനുസരിച്ച് അവിടന്ന് ജനസമൂഹങ്ങൾക്ക് അതിർത്തി നിശ്ചയിച്ചു. യഹോവയുടെ ഓഹരിയോ അവിടത്തെ ജനം, യാക്കോബ് അവിടത്തേക്ക് വേർതിരിക്കപ്പെട്ട ഓഹരി. അവിടന്ന് മരുഭൂമിയിൽ അവനെ കണ്ടെത്തി, വന്ധ്യമായതും ഓരികേൾക്കുന്നതുമായ ശൂന്യസ്ഥലങ്ങളിൽത്തന്നെ. അവിടന്ന് അവനെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു, അവിടന്ന് അവനെ കൺമണിപോലെ കാത്തുസൂക്ഷിച്ചു. ഒരു കഴുകൻ തന്റെ കൂടിളക്കി കുഞ്ഞുങ്ങളുടെമേൽ വട്ടമിട്ടു പറക്കുകയും ചിറകുവിരിച്ച് അവയെ ഉയർത്തുകയും ചിറകിൽ അവയെ സുരക്ഷിതമായി വഹിക്കുകയും ചെയ്യുന്നതുപോലെ. യഹോവ ഏകനായി അവനെ നയിച്ചു, ഒരു അന്യദേവനും അവനോടൊപ്പം ഉണ്ടായിരുന്നില്ല. ദേശത്തിന്റെ ഉന്നതങ്ങളിൽ അവിടന്ന് അവനെ സഞ്ചരിക്കുമാറാക്കി, വയലിലെ സമൃദ്ധികൊണ്ട് അവനെ പരിപോഷിപ്പിച്ചു. അവിടന്ന് അവനെ പാറയിൽനിന്നുള്ള തേൻകൊണ്ടും തീക്കല്ലിൽനിന്നുള്ള എണ്ണകൊണ്ടും പോഷിപ്പിച്ചു. കന്നുകാലികളുടെയും ആട്ടിൻപറ്റത്തിന്റെയും വെണ്ണയും പാലും, ആടുകളുടെയും കോലാടുകളുടെയും മാംസവും, ബാശാനിലെ വിശിഷ്ട ആട്ടുകൊറ്റന്മാരെയും നേർത്ത ഗോതമ്പിൻ കാമ്പിനെയും അവനു കൊടുത്തു. മുന്തിരിയുടെ രക്തമായ വീഞ്ഞു നീ കുടിച്ചു.
ആവർത്തനം 32 വായിക്കുക
കേൾക്കുക ആവർത്തനം 32
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർത്തനം 32:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ