അപ്പോൾ രാജാവു കൽപ്പന കൊടുത്തിട്ട്, ദാനീയേലിനെ കൊണ്ടുവന്ന് സിംഹക്കുഴിയിലിട്ടു. “നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കുമാറാകട്ടെ!” എന്നു രാജാവു ദാനീയേലിനോടു പറഞ്ഞു. അവർ ഒരു കല്ലു കൊണ്ടുവന്ന് ഗുഹയുടെ വാതിൽക്കൽ വെച്ചു. ദാനീയേലിന്റെ കാര്യത്തിൽ രാജകൽപ്പന ലംഘിക്കപ്പെടാതിരിക്കാൻ രാജാവ് തന്റെ മുദ്രമോതിരംകൊണ്ടും പ്രഭുക്കന്മാരുടെ മുദ്രമോതിരംകൊണ്ടും അതിനു മുദ്രവെച്ചു. അതിനുശേഷം രാജാവു കൊട്ടാരത്തിൽചെന്ന് ഉപവസിച്ചു രാത്രി കഴിച്ചുകൂട്ടി. സംഗീതോപകരണങ്ങൾ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നില്ല. അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞതുമില്ല. രാജാവ് അതിരാവിലെ എഴുന്നേറ്റു വളരെ തിടുക്കത്തോടെ സിംഹഗുഹയുടെ അടുക്കൽ ചെന്നു. ഗുഹയുടെ സമീപത്തെത്തിയപ്പോൾ അദ്ദേഹം ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ച്: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്ന് നിന്നെ രക്ഷിക്കാൻ പ്രാപ്തനായോ?” എന്നു ചോദിച്ചു. അപ്പോൾ ദാനീയേൽ രാജാവിനോട്: “രാജാവു ദീർഘായുസ്സായിരുന്നാലും! എന്റെ ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. അവ എനിക്ക് ഒരു ദോഷവും ചെയ്തില്ല. കാരണം, ദൈവത്തിന്റെ മുമ്പാകെ ഞാൻ നിഷ്കളങ്കനാണ്. രാജാവേ, അങ്ങയുടെമുന്നിലും ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല” എന്നു പറഞ്ഞു. അപ്പോൾ രാജാവ് ഏറ്റവും സന്തോഷിച്ചു. ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റുന്നതിന് അദ്ദേഹം കൽപ്പനകൊടുത്തു. അങ്ങനെ ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റി. ദാനീയേൽ ദൈവത്തിൽ വിശ്വസിച്ചതുമൂലം അദ്ദേഹത്തിനു യാതൊരു കേടും പറ്റിയതായി കണ്ടില്ല. അതിനുശേഷം രാജാവ് ആജ്ഞാപിച്ചിട്ട്, ദാനീയേലിന്മേൽ വിദ്വേഷപൂർവം ദോഷം ആരോപിച്ചവരെ വരുത്തി. അവരെയും അവരുടെ മക്കളെയും ഭാര്യമാരെയും സിംഹക്കുഴിയിൽ ഇട്ടുകളഞ്ഞു. അവർ ഗുഹയുടെ അടിയിൽ എത്തുന്നതിനുമുമ്പുതന്നെ സിംഹങ്ങൾ അവരെ പിടികൂടി അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു.
ദാനീയേൽ 6 വായിക്കുക
കേൾക്കുക ദാനീയേൽ 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ദാനീയേൽ 6:16-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ