ദാനീയേൽ 5:10-16

ദാനീയേൽ 5:10-16 MCV

രാജാവിന്റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് രാജ്ഞി വിരുന്നുശാലയിൽ എത്തി. രാജ്ഞി ഇപ്രകാരം പറഞ്ഞു: “രാജാവ്, ദീർഘായുസ്സായിരിക്കട്ടെ! അങ്ങ് ചിന്താപരവശനാകുകയോ തിരുമേനിയുടെ മുഖം വിളറുകയോ ചെയ്യരുത്. വിശുദ്ധദേവതകളുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമേനിയുടെ രാജ്യത്തുണ്ട്. തിരുമേനിയുടെ പിതാവിന്റെകാലത്ത് അന്തർദൃഷ്ടിയും വിവേകവും ദേവതകളുടേതുപോലെയുള്ള ജ്ഞാനവും അയാളിൽ കണ്ടിരുന്നു. അങ്ങയുടെ പിതാവായ നെബൂഖദ്നേസർ രാജാവ്, അയാളെ ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ജ്യോതിഷികൾക്കും ദേവപ്രശ്നംവെക്കുന്നവർക്കും അധിപതിയായി നിയമിച്ചു. രാജാവു ബേൽത്ത്ശസ്സർ എന്നു പേരുവിളിച്ച ഈ ദാനീയേലിൽ ഉൽക്കൃഷ്ടമനസ്സും ജ്ഞാനവും വിവേകവും സ്വപ്നവ്യാഖ്യാനവും ഗൂഢാർഥപരിജ്ഞാനവും പ്രശ്നപരിഹാരസാമർഥ്യവും കണ്ടിരുന്നതിനാലാണ് ഇപ്രകാരം ചെയ്തത്. ഇപ്പോൾ ദാനീയേലിനെ വിളിച്ചാലും, അദ്ദേഹം ഇതിന്റെ അർഥം വെളിപ്പെടുത്തും.” അതനുസരിച്ച് ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവു ദാനീയേലിനോടു പറഞ്ഞു: “എന്റെ പിതാവ് യെഹൂദ്യയിൽനിന്ന് കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനീയേലല്ലേ താങ്കൾ? ദേവതകളുടെ ആത്മാവ് താങ്കളിൽ ഉണ്ടെന്നും അന്തർദൃഷ്ടിയും വിവേകവും അസാധാരണജ്ഞാനവും താങ്കളിൽ കണ്ടിരിക്കുന്നെന്നും ഞാൻ കേട്ടു. ഇപ്പോൾ ജ്ഞാനികളെയും മന്ത്രവാദികളെയും ഈ എഴുത്തുവായിച്ച് അതിന്റെ അർഥം അറിയിക്കാനായി എന്റെമുമ്പിൽ കൊണ്ടുവന്നിരുന്നു. എന്നാൽ അതിന്റെ അർഥം അറിയിക്കാൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ താങ്കൾ അർഥം വിവരിക്കാനും വിഷമപ്രശ്നങ്ങൾ പരിഹരിക്കാനും പ്രാപ്തനാണെന്നു ഞാൻ കേട്ടിരിക്കുന്നു. ഇപ്പോൾ ഈ എഴുത്തു വായിക്കാനും അതിന്റെ അർഥം വിവരിക്കാനും താങ്കൾക്കു കഴിയുമെങ്കിൽ താങ്കൾ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച് രാജ്യത്തിൽ മൂന്നാമനായി വാഴും.”