ദാനീയേൽ 4:10-18

ദാനീയേൽ 4:10-18 MCV

എന്റെ കിടക്കയിൽ ഞാൻ കണ്ട ദർശനങ്ങൾ ഇപ്രകാരമായിരുന്നു. ഞാൻ നോക്കുമ്പോൾ ഭൂമിയുടെ നടുവിൽ ഒരു വൃക്ഷം, അത് അത്യധികം ഉയരമുള്ളതായിരുന്നു. വൃക്ഷം വളരെ വലുപ്പമുള്ളതും ബലമുള്ളതുമായിത്തീർന്നു; അങ്ങനെ അതിന്റെ ഉയരം ആകാശത്തോളമെത്തി. ഭൂമിയുടെ അറ്റങ്ങളോളം അതിനെ കാണാമായിരുന്നു. അതിന്റെ ഇല മനോഹരവും ഫലം സമൃദ്ധവുമായിരുന്നു. എല്ലാവർക്കും അതിൽനിന്ന് ആഹാരം ലഭിച്ചിരുന്നു. വയലിലെ മൃഗങ്ങൾ അതിന്റെ തണലിൽ വിശ്രമിച്ചു; ആകാശത്തിലെ പറവകൾ അതിന്റെ കൊമ്പുകളിൽ വസിച്ചു. എല്ലാ ജീവജാലങ്ങളും അതിൽനിന്ന് ഭക്ഷിച്ചിരുന്നു. “കിടക്കയിൽവെച്ച് എനിക്കുണ്ടായ ദർശനങ്ങളിൽ, വിശുദ്ധനായ ഒരു ദൈവദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു. അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു: ‘വൃക്ഷം വെട്ടിയിട്ട്, അതിന്റെ കൊമ്പുകൾ മുറിച്ച്, ഇലകൾ കോതി, കായ്കൾ ചിതറിച്ചുകളയുക. മൃഗങ്ങൾ അതിന്റെ കീഴിൽനിന്ന് ഓടിപ്പോകട്ടെ; പക്ഷികൾ അതിന്റെ ശാഖകളിൽനിന്ന് പറന്നകലട്ടെ. എങ്കിലും വൃക്ഷത്തിന്റെ കുറ്റി വേരുകളോടുകൂടെ വയലിലെ പുല്ലുകൾക്കിടയിൽ ചുറ്റും ഇരുമ്പും വെങ്കലവുംകൊണ്ടു ബന്ധിക്കപ്പെട്ടനിലയിൽ ശേഷിപ്പിക്കുക. “ ‘ആകാശത്തിലെ മഞ്ഞുകൊണ്ട് അദ്ദേഹം നനയട്ടെ. വയലിലെ മൃഗങ്ങളോടൊപ്പം അദ്ദേഹം മേയട്ടെ. അദ്ദേഹത്തിനു മനുഷ്യസ്വഭാവം മാറ്റി ഒരു മൃഗസ്വഭാവം ലഭിക്കട്ടെ. അങ്ങനെ അദ്ദേഹം ഏഴുകാലം കഴിയട്ടെ. “ ‘പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളുടെയുംമേൽ വാഴുന്നു എന്നും തനിക്ക് ഇഷ്ടമുള്ളവന് അതു നൽകുന്നു എന്നും മനുഷ്യരിൽ ഏറ്റവും താണവനെ അതിന്മേൽ വാഴിക്കുന്നു എന്നും ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ വിധി ദൂതന്മാരുടെ ഉത്തരവും വിശുദ്ധജനങ്ങളുടെ തീർപ്പും ആകുന്നു.’ “നെബൂഖദ്നേസർ രാജാവെന്ന ഞാൻ കണ്ട സ്വപ്നം ഇതാകുന്നു. ഇപ്പോൾ ബേൽത്ത്ശസ്സരേ, താങ്കൾ ഇതിന്റെ അർഥം പറഞ്ഞുതരിക. എന്റെ രാജ്യത്തിലെ ജ്ഞാനികളാരുംതന്നെ എനിക്ക് അതു വ്യാഖ്യാനിച്ചുതരാൻ കഴിവുള്ളവരായിരുന്നില്ല. എന്നാൽ വിശുദ്ധദേവതകളുടെ ആത്മാവ് നിന്നിൽ ഉള്ളതിനാൽ നിനക്ക് അതു ചെയ്യാൻ കഴിയും.”